ഇംഫാല്‍: 27 കോടി രൂപ വില വരുന്ന നിരോധിത മയക്കുമരുന്നുമായി ബിജെപി നേതാവുള്‍പ്പെടെ ഏഴുപേര്‍ പിടിയിലായി. ബിജെപി നേതാവും മണിപ്പൂര്‍ ചാന്ദല്‍ ജില്ലയിലെ സ്വയം ഭരണ കൗണ്‍സില്‍ ചെയര്‍മാനുമായ ലക്കോസി സോ ഉള്‍പ്പെടെയുള്ള സംഘമാണ് നാര്‍ക്കോട്ടിക്‌സ് സംഘത്തിന്റെ പിടിയിലായത്. 

4.5 കിലോ ഹെറോയിന്‍, 28 കിലോഗ്രാം മയക്കുമരുന്ന് ഗുളിക, 57.18 ലക്ഷം രൂപ, 95,000 രൂപയുടെ നിരോധിച്ച നോട്ടുകളും, രണ്ട് തോക്കുകളും, രണ്ട് തോക്ക് ലൈസന്‍സ് ബുക്കുകള്‍, എട്ട് പാസ്ബുക്കുകള്‍ എന്നിവയാണ്‌ പിടിയിലായവരില്‍ നിന്നും പിടിച്ചെടുത്തത്. 

കോണ്‍ഗ്രസ് പ്രതിനിധിയായാണ്‌  ലക്കോസി സോ സ്വയം ഭരണ കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തെത്തിയത്. പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. 

രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് ലങ്കോലിലെ ഗെയിം വില്ലേജിലുള്ള ബിജെപി നേതാവിന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയത്. തിരച്ചിലില്‍ രണ്ട് പെട്ടികളിലായി സൂക്ഷിച്ച മയക്കുമരുന്ന് കണ്ടെത്തി.