ബിജെപി നേതാക്കൾക്കൊപ്പം പ്രധാനമന്ത്രി മോദി ഹൈദരാബാദിൽ |ഫോട്ടോ:ANI
ഹൈദരാബാദ്: രണ്ടു ദിവസം ഹൈദരാബാദില്‍ തങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായും ജെ.പി നഡ്ഡയും അടക്കമുള്ള ബിജെപി നേതാക്കള്‍ക്കും ഒരുക്കിയത് രുചിയേറും മാങ്ങാ പരിപ്പ് കറിയില്‍ തുടങ്ങി ബിരിയാണി വരെയുള്ള തെലങ്കാന വിഭവങ്ങള്‍. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാനാണ് മുതിര്‍ന്ന നേതാക്കള്‍ തെലങ്കാനയിലെത്തിയത്. യോഗം ഞായറാഴ്ച ഹൈദരാബാദില്‍ അവസാനിച്ചു.
യോഗത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് പഞ്ചനക്ഷത്ര സൗകര്യങ്ങളാണ് ഒരുക്കിയിരുന്നതെങ്കിലും ചില പ്രത്യേക തെലങ്കാന വിഭവങ്ങള്‍ പരിചയപ്പെടുത്തിയെന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ പറഞ്ഞു.
തെലങ്കാന ബിജെപി അധ്യക്ഷനും കരിംനഗര്‍ എംപിയുമായ ബന്ദി സഞ്ജയ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പാചക വിദഗ്ദ്ധ ജി.യാദമ്മയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളുടെ അഭിരുചി കണക്കിലെടുത്ത് മെനു തയ്യാറാക്കിയത്. സിദ്ധിപ്പേട്ട് ജില്ലയിലുള്ള ഗുഡത്തിപ്പള്ളി ഗ്രാമത്തില്‍ നിന്നുള്ള യാദമ്മയെ വിമാനത്തിലാണ് ഹൈദരാബാദിലെത്തിച്ചത്.
50 ഓളം വിഭവങ്ങളാണ് യദാമ്മയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം പ്രധാനമന്ത്രിയടക്കമുള്ള നേതാക്കള്‍ക്കായി ഒരുക്കിയത്.
ഉച്ചഭക്ഷണത്തിന് വിളമ്പുന്ന ഇനങ്ങള്‍ക്ക് പുറമേ, ലഘുഭക്ഷണങ്ങളും മധുരപലഹാരങ്ങളും പോലും തെലങ്കാന ശൈലിയിലാണ് തയ്യാറാക്കിയിരുന്നത്.
ഉരുളക്കിഴങ്ങ് ചീസ് പോപ്പറുകള്‍, വെജ് സ്പ്രിംഗ് റോളുകള്‍, കോണ്‍ സമൂസ, സാന്ഡ്വിച്ച്, ടിന്നിലടച്ച പൈനാപ്പിള്‍ ജ്യൂസ്, ഫ്രഷ് തണ്ണിമത്തന് ജ്യൂസ്, ഫ്രഷ് ലൈം സോഡ എന്നിവയ്ക്കൊപ്പം ഇറാനി ചായയും കാപ്പിയും ഒരുക്കിയിരുന്നു.
തക്കാളി-ബീന്‍സ് കറി, ഉരുള കിഴങ്ങ് കുറുമ, ബഗര ബൈംഗന്‍ (വഴുതന കൊണ്ടുള്ള വിഭവം), കോവയ്ക്ക-തേങ്ങ ചേര്‍ത്ത കൂട്ട്, വെണ്ടയ്ക്ക് കശുവണ്ടിയും നിലക്കടലയും ചേര്‍ത്തുള്ള വിഭവം, പീച്ചിങ്ങ ഫ്രൈ, മൂങ്ദാല്‍-മേത്തി ഫ്രൈ, മാങ്ങാ പരിപ്പ് കറി, ബിരിയാണി, പുളിഹോറ, പുതിയന റൈസ്, വൈറ്റ് റൈസ്, തൈര് റൈസ്, ഗോഗുര അച്ചാര്‍, കക്കരി ചട്ട്ണി, തക്കാളി ചട്ട്ണി, വെള്ളരി ചട്ട്ണി തുടങ്ങിയ വിഭവഭങ്ങളും മെനുവില്‍ ഉള്‍പ്പെട്ടിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..