ന്യൂഡല്‍ഹി: മനേക ഗാന്ധിയേയും മകന്‍ വരുണ്‍ ഗാന്ധിയേയും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ ഇന്ന് പുറത്തുവിട്ട പുതിയ 80 അംഗ നിര്‍വാഹക സമിതി അംഗങ്ങളുടെ പട്ടികയിലാണ് ഇരുവരും ഉള്‍പ്പെടാതിരുന്നത്. 

കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് കുമാര്‍ മിശ്രയും ബിജെപിയും പ്രതിക്കൂട്ടിലായ ലഖിംപുര്‍ ഖേരി സംഭവത്തില്‍ വരുണ്‍ഗാന്ധി വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വരുണിനേയും അമ്മയേയും മാറ്റി നിര്‍ത്തിയുള്ള പട്ടിക പുറത്ത് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് വരുണ്‍ ഗാന്ധി. സുല്‍ത്താന്‍പുര്‍ എംപിയാണ് മനേക. ഒന്നാം മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മനേക ഗാന്ധിയെ രണ്ടാം മോദി സര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മൂന്ന് തവണ എംപിയായിട്ടുള്ള വരുണ്‍ ഗാന്ധിക്ക് അവസരം ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. രണ്ടാം മോദി സര്‍ക്കാരിന്റെ പുനഃസംഘടനയിലും വരുണിനെ തഴഞ്ഞിരുന്നു.

ഇതിനിടെ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ ലഖിംപുര്‍ വിഷയത്തില്‍ വരുണ്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. കര്‍ഷകര്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടുണ്ടായ അപകടമാണെന്നാണ് ലഖിംപുര്‍ സംഭവത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ന്യായീകരിച്ചിരുന്നത്. എന്നാല്‍ ഒരു പ്രകോപനവുമില്ലാതെയാണ് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചുകയറ്റിതെന്ന് ന്യായീകരിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ ഏറ്റെടുത്തുകൊണ്ടായിരുന്ന വരുണ്‍ രംഗത്തെത്തിയത്. വാഹനം ഇടിച്ചുകയറ്റുന്നത്‌ കൂടുതല്‍ വെളിവാക്കുന്ന ദൃശ്യങ്ങള്‍ അദ്ദേഹം ഇന്നും  ട്വീറ്റ് ചെയ്യുകയും ചെയ്തു

'വീഡിയോ വളരെ വ്യക്തമാണ്. കൊലപാകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ സാധിക്കില്ല. ക്രൂരതയും അഹങ്കാരവും പ്രതിഫലിക്കുന്ന ഈ വീഡിയോ ഓരോ കര്‍ഷകന്റെ മനസ്സിലേക്കും വ്യാപിക്കുന്നതിന് മുമ്പ് നിരപരാധികളായ കര്‍ഷകരുടെ ചോര വീഴ്ത്തിയവര്‍ ഉത്തരവാദിത്വം ഏല്‍ക്കണം. നീതി ലഭ്യമാക്കണം' വരുണ്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസവും വരുണ്‍ സമാനമായ വിമര്‍ശനം നടത്തിയിരുന്നു.