തിരുവനന്തപുരം : വജ്രവ്യാപാരി നീരവ് മോദിയുടെ 14000 കോടി തട്ടിപ്പെല്ലാം ഇനി പഴങ്കഥയാണെന്നും 2018-19 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പഞ്ചാബ് നാഷണല്‍ ബാങ്ക് ഇരുട്ടില്‍ നിന്നും പുറത്തു വരികയാണെന്നും പുതിയ മാനേജിങ് ഡയറക്ടര്‍ സുനില്‍ മേത്ത. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്കിന്റെ വകയായി അഞ്ച് കോടി രൂപ സംഭാവന ചെയ്ത് ഒരു വിദേശ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സുനില്‍ മേത്ത ഇക്കാര്യം പറഞ്ഞത്.

ജനുവരിയില്‍ തട്ടിപ്പു പുറത്തു വന്നതോടെ ബാങ്ക് പുതിയ പല നിലപാടുകളും എടുത്തിരുന്നു. വലിയ ആഘാതങ്ങള്‍ നേരിടാനുള്ള ശക്തിയും പ്രാപ്തിയും ബാങ്കിനിന്നുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 343 കോടി രൂപ ലാഭത്തിലായിരുന്ന ബാങ്ക് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 940 കോടി രൂപ നഷ്ടം നേരിട്ടു. തട്ടിപ്പിനു ശേഷം സംഭവിച്ച നഷ്ടത്തില്‍ നിന്നും കര കയറാനായി 5431 കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

നീരവ് മോദിയും അമ്മാവന്‍ മെഹുള്‍ ചോക്സിയും ഇപ്പോള്‍ വിദേശത്താണ്. ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്മെന്റുകള്‍ ഉള്‍പ്പെടെ നീരവ് മോദിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കണ്ടു കെട്ടിയിരുന്നു.