Screengrab: Twitter Video
വ്യാഴാഴ്ചയായിരുന്നു ശോഭയുടേയും ചന്ദപ്പയുടേയും വിവാഹം. പരമ്പരാഗതരീതിയിലായിരുന്നു വിവാഹച്ചടങ്ങുകള്‍. പക്ഷെ, ഇരുവരുടേയും മരണം നടന്ന് മുപ്പത് കൊല്ലത്തിന് ശേഷമായിരുന്നു വിവാഹം. ഒരസാധാരണ വിവാഹം, പ്രേത കല്യാണം എന്ന പേരിലറിയപ്പെടുന്ന, മരണശേഷമുള്ള വിവാഹം.
കര്‍ണാടകയുടേയും കേരളത്തിന്റേയും ചില ഭാഗങ്ങളില്‍ നിലവിലുള്ള ഒരു പ്രത്യേക ചടങ്ങാണ് പ്രേത കല്യാണം. ജനിക്കുമ്പോള്‍ തന്നെ ജീവന് നഷ്ടമാകുന്നവര്‍ക്ക് വേണ്ടിയാണ് ഈ വിവാഹം നടത്തുന്നത്. മരിച്ചവരുടെ ആത്മാക്കള്‍ക്ക് വേണ്ടിയാണ് ഈ ചടങ്ങ് നടത്തുന്നത്. യൂട്യൂബറായ അന്നി അരുണ്‍ ഇത്തരമൊരു വിവാഹത്തിന്റെ വിശേഷങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
"ഞാനിന്നൊരു വിവാഹത്തില്‍ പങ്കെടുക്കുകയാണ്. വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഇത്തരമൊരു ട്വീറ്റിന്റെ ആവശ്യമുണ്ടോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. എന്താണെന്നു വെച്ചാല്‍ വരന് മരിച്ചു, വധുവും മരിച്ചതാണ്, ഏതാണ്ട് 30 കൊല്ലം മുമ്പ്. അവരുടെ വിവാഹമാണിന്ന്". 20 ട്വീറ്റുകളിലായാണ് അന്നി അരുണ്‍ വിവാഹവിശേഷങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഏറെ പ്രാധാന്യത്തോടെയാണ് പ്രേത കല്യാണം നടത്തുന്നത്. പിറവിയില്‍ തന്നെ മരിക്കുന്ന കുട്ടിയ്ക്ക് പറ്റിയ അത്തരത്തില്‍ മരിച്ച മറ്റൊരു പങ്കാളിയെ കണ്ടെത്തിയാണ് വിവാഹം നടത്തുന്നത്. ഇരുവരുടേയും വീട്ടുകാര്‍ പരസ്പരം വീടുകള്‍ സന്ദര്‍ശിച്ച് വിവാഹം നിശ്ചയിക്കും. എല്ലാ ചടങ്ങുകളും സാധാരണ വിവാഹത്തിന്റേതുപോലെ തന്നെ. കുട്ടികളേയും അവിവാഹിതരേയും വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാറില്ല. ഗംഭീരസദ്യയും ഉണ്ടാകും.
എറ്റവും ഒടുവിലത്തെ ട്വീറ്റില്‍ അരുണ്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു-അവര്‍ ഏറെ ആനന്ദത്തോടെ അനന്തകാലം ഒരുമിച്ച് ജീവിക്കും, മരണാനന്തരം...!
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..