Photo Courtesy: twitter.com|ss_suryawanshi
മുംബൈ: ലഹരിമരുന്നു കേസില്‍ അറസ്റ്റിലായതിനു പിന്നാലെ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനുമൊത്തുള്ള ഒരു അജ്ഞാതന്റെ സെല്‍ഫി സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആരാണ് ഇയാള്‍ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.
കെ.പി. ഗോസാവി എന്ന സ്വകാര്യ ഡിറ്റക്ടീവാണ് ആര്യനൊപ്പമുള്ള ചിത്രത്തില്‍ ഉള്ളതെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി. നേതാവുമായ നവാബ് മാലിക്. എങ്ങനെയാണ് എന്‍.സി.ബിയുടെ ഓപ്പറേഷനില്‍ പുറമേനിന്നുള്ള രണ്ടുപേര്‍ ഉള്‍പ്പെട്ടതെന്നും മാലിക് ആരാഞ്ഞു.
എന്‍.സി.ബി ഓഫീസിലേക്ക് ആര്യന് ഖാനെ കയ്യില്പിടിച്ചു കൊണ്ടുവന്നത് കെ.പി. ഗോസാവി എന്ന സ്വകാര്യ ഡിറ്റക്ടീവാണെന്നും മാലിക് കൂട്ടിച്ചേര്‍ത്തു. റെയ്ഡില്നിന്നുള്ള ദൃശ്യങ്ങളില്‍ ബി.ജെ.പി. വൈസ് പ്രസിഡന്റ് മനീഷ് ഭാനുശാലിയെയും കാണാം. വ്യാജ ലഹരിമരുന്ന് വേട്ടയിലൂടെ മഹാരാഷ്ട്രയെ അപകീര്‍ത്തിപ്പടുത്താനുള്ള ബി.ജെ.പിയുടെ ശ്രമമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മാലിക് പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷമായി ബി.ജെ.പി. മഹാരാഷ്ട്രയെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മനീഷ് ഭാനുശാലിയുടെയും ഗോസാവിയുടെയും പ്രൊഫൈലുകള്‍ അവര്‍ ലോക്ക് ചെയ്തിരിക്കുകയാണ്. ഡല്‍ഹിയിലും ഗുജറാത്തിലും മനീഷ് കൂടിക്കാഴ്ച നടത്തിയത് ആരുമായിട്ടായിരുന്നു? എന്‍.സി.ബി. റെയ്ഡില്‍ എങ്ങനെയാണ് മനീഷിന്റെ സാന്നിധ്യമുണ്ടായത്? എന്‍.സി.ബിയെ ഉപയോഗിച്ച് മഹാരാഷ്ട്രയെ അപകീര്‍ത്തിപ്പെടുത്താന്‍ ബി.ജെ.പി. ശ്രമിക്കുകയാണ്- നവാബ് മാലിക് ആരോപിച്ചു.
അതേസമയം മാലിക്കിന്റെ ആരോപണങ്ങള്‍ മനീഷ് ഭാനുശാലി നിഷേധിച്ചു. തനിക്കെതിരെ മാലിക് ഉന്നയിച്ചത് തെറ്റായ ആരോപണങ്ങളാണ്. അറസ്റ്റുകളുമായി ബി.ജെ.പിക്ക് യാതൊരു ബന്ധവുമില്ല. ലഹരിമരുന്നു പാര്‍ട്ടി നടക്കാന്‍ പോകുന്നുവെന്ന് ഒക്ടോബര്‍ ഒന്നിന് തനിക്ക് വിവരം ലഭിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി താനും എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ക്കൊപ്പം(കപ്പലില്‍) ഉണ്ടായിരുന്നു- മനീഷ് പറഞ്ഞു.
മനീഷിന്റെയും ഗോസാവിയുടെയും പേരുകള്‍ റെയ്ഡിലെ സ്വതന്ത്രസാക്ഷികളായി എന്‍.സി.ബി. രേഖപ്പെടുത്തിയിട്ടുമുണ്ട്. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് എന്‍.സി.ബി. ഓഫീസര്‍ ഗ്യാനേശ്വര്‍ സിങ് പ്രതികരിച്ചു. എന്‍.സി.ബിയുടെ നടപടികള്‍ നിയമാനുസൃതവും സുതാര്യവും പക്ഷപാതമില്ലാത്തതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്യന് ഖാനും സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റും ഉള്‍പ്പെടെ എട്ടുപേരാണ് ലഹരി മരുന്നു കേസില്‍ അറസ്റ്റിലായത്. അര്‍ബാസ് മര്‍ച്ചന്റിന്റെ കയ്യില്പിടിച്ച് മുന്നോട്ടുനീങ്ങുന്ന മനീഷ് ഭാനുശാലിയുടെ ദൃശ്യങ്ങള്‍ പല വീഡിയോകളിലും വ്യക്തമാണ്.
content highlights:man who took selfie with aryan khan is a private detective says maharashtra minister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..