കുറച്ചു ദിവസം മുമ്പ് വരെ തന്റെ അമ്മയ്ക്ക്‌ വേണ്ടി പ്രാര്‍ഥിക്കുകയായിരുന്നു എല്ലാവരും. പക്ഷെ ഇപ്പോള്‍ മമ്മയെ കുറിച്ച് ചോദിച്ചാല്‍ എല്ലാവരും കരയും. ആ മൂന്നരവയസുകാരന് കൂടുതലൊന്നും അറിയില്ല. മമ്മ എപ്പോഴാണ് വീട്ടിലേക്ക് വരുന്നതെന്നറിയില്ല. കോവിഡിനെ കുറിച്ചോ കോവിഡിന്റെ ഗൗരവത്തെ കുറിച്ചോ പറഞ്ഞാല്‍ മനസിലാക്കാവുന്ന പ്രായമല്ല അവന്. അവന് കൂട്ടിന് ഒരു വാവയെ കൊടുക്കാമെന്ന് പറഞ്ഞിരുന്ന മമ്മ മടങ്ങി വരില്ലെന്ന് ആര്‍ക്കും അവനോട് പറയാനാവില്ലല്ലോ! 

മകന്‍ അമ്മയെ കുറിച്ച് ചോദിക്കുമ്പോഴാണ് രവീഷ് ചാവ്‌ലയും ആകെ തളര്‍ന്നു പോകുന്നത്. മകന്റെ ചോദ്യത്തിന് മുന്നില്‍ രവീഷ് മൗനം പാലിക്കും. കാര്യം മനസിലായ പോലെ ഇപ്പോള്‍ അമ്മയെ അധികം തിരക്കാറില്ലെങ്കിലും ഇടയ്ക്ക് ഫോട്ടോകള്‍ എടുത്ത് നോക്കുന്നത് ഏറെ സങ്കടപ്പെടുത്താറുണ്ടെന്ന് രവീഷ് പറയുന്നു. എങ്കിലും, അവന്റെ അമ്മ ധൈര്യവതിയായിരുന്നെന്നും സ്വന്തം ജീവനെ കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനിടയിലും മറ്റുള്ളവരുടെ നന്മയും സുരക്ഷയും  ആഗ്രഹിച്ചിരുന്ന ഒരു കോവിഡ്  മുന്നണി പോരാളിയായിരുന്നുവെന്നും അറിഞ്ഞ് അവന്‍ വളരണമെന്നാണ് രവീഷിന്റെ ആഗ്രഹം.

തന്റെ ഭാര്യ ഡോക്ടര്‍ ഡിംപിള്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെ പങ്കുവെച്ച വീഡിയോ സന്ദേശം മറ്റുള്ളവരിലേക്കെത്തിക്കാന്‍ രവീഷ് അത് ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. ഭാര്യയും പിറക്കാനിരുന്ന കുഞ്ഞും കോവിഡ് കാരണം തനിക്ക് നഷ്ടപ്പെട്ടുവെന്ന കുറിപ്പോടെയാണ് രവീഷ് വീഡിയോ ട്വീറ്റ് ചെയ്തത്. ഈ അവസ്ഥയിലേക്ക് ആരും എത്താതിരിക്കാന്‍ കൂടുതല്‍ കരുതല്‍ വേണമെന്നാവശ്യപ്പെടുകയാണ് രവീഷ്. ഏപ്രില്‍ 17 ന് പകര്‍ത്തിയ വീഡിയോയാണിത്. 

കോവിഡിനെ ഗൗരവമായി തന്നെ കാണണമെന്ന് തന്റെ അനുഭവത്തില്‍ നിന്ന് മറ്റുള്ളവരോട് ആവശ്യപ്പെടുകയാണ് ഡോക്ടര്‍ ഡിംപിള്‍ വീഡിയോയില്‍. രോഗം ഗുരുതരമായ സന്ദര്‍ഭത്തിലാണ് ഡോക്ടര്‍ ആ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ക്ഷീണിതയും അനാരോഗ്യവതിയുമായി കാണപ്പെടുന്ന അവര്‍ സംസാരിക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നതായി വീഡിയോയില്‍ നിന്ന് നമുക്ക് മനസിലാക്കാന്‍ കഴിയും. ഇടക്കിടെ ചുമ അവരെ അലട്ടുന്നുമുണ്ട്. ഏഴ് മാസം ഗര്‍ഭിണിയായിരുന്നു ഡോക്ടര്‍ ഡിംപിള്‍. 

'കൊറോണയെ നിസ്സാരമായി കാണരുത്...വളരെ മോശം അവസ്ഥയാണ്...എനിക്ക് സംസാരിക്കാന്‍ പോലുമാവുന്നില്ല. മറ്റുള്ളവരുമായി ഇടപഴകേണ്ടി വരുന്ന സന്ദര്‍ഭത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി മാസ്‌ക് ധരിക്കുന്ന കാര്യം ദയവായി നിങ്ങള്‍ മറക്കരുത്. ആര്‍ക്കും ഈ അവസ്ഥയുണ്ടാകരുതെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. പ്രായമേറിയവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ വീട്ടിലുണ്ടെങ്കില്‍ നിങ്ങള്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറാതിരിക്കാന്‍ ശ്രദ്ധിക്കണം. എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്നതാണ് എനിക്കിഷ്ടം, എനിക്ക് ജോലിക്ക് പോകണം. പക്ഷെ എല്ലാമിപ്പോള്‍ കൈവിട്ടു പോകുന്നതു പോലെ. ഞാനാകെ തളര്‍ന്നിരിക്കുന്നു'-ഡിംപിളിന്റെ വാക്കുകള്‍. 

പബ്ലിക് ഹെല്‍ത്ത് ഡെന്റിസ്ട്രിയില്‍ പിജി ബിരുദം നേടിയ ഡോക്ടര്‍ ഡിംപിള്‍ പൊതുജനാരോഗ്യ താത്പര്യാര്‍ഥം ക്ലാസ്സുകളും നല്‍കി വന്നിരുന്നു. ഗര്‍ഭിണിയായ ശേഷം പുറത്തു പോകേണ്ട സന്ദര്‍ഭങ്ങളില്‍ രണ്ടോ മൂന്നോ മാസ്‌കുകളും ചിലപ്പോള്‍ പിപിഇ കിറ്റും ഡിംപിള്‍ ധരിച്ചിരുന്നതായി രവീഷ് ഓര്‍മിക്കുന്നു. 'വീട്ടിലെ ടെറസില്‍ വെച്ചു നടത്തിയ പിറന്നാളാഘോഷ പരിപാടിക്കിടെയാണ് ഡിംപിളിനും കുടുംബത്തിലെ മറ്റു ചിലര്‍ക്കും കോവിഡ് ബാധിച്ചത്. അടുത്ത ദിവസം മകന് കോവിഡ് സ്ഥിരീകരിച്ചതോടെ ഞങ്ങള്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. അച്ഛന്‍ ഹൃദ്രോഗിയും പ്രമേഹരോഗിയുമായതിനാലായിരുന്നു അങ്ങനെ ചെയ്തത്'-രവീഷ് പറഞ്ഞു.

ഫരീദാബാദിലെ ഡിംപിളിന്റെ വീട്ടിലേക്ക് അവര്‍ മാറി. ഏപ്രില്‍ 11 ന് നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ ഡിംപിളിന് കോവിഡ് സ്ഥിരീകരിച്ചു. രവീഷ് നെഗറ്റീവായിരുന്നു. മകന്‍ ഒരാഴ്ചക്കുള്ളില്‍ സുഖം പ്രാപിച്ചു. ഗര്‍ഭിണിയായതിനാല്‍ കൂടുതല്‍ മരുന്ന് കഴിക്കാന്‍ ഡിംപിള്‍ കൂട്ടാക്കിയില്ല. പനി അധികമായി, ചുമ കൂടി, ശ്വാസതടസം അനുഭവപ്പെട്ടു തുടങ്ങി. വയറ്റിലുള്ള കുഞ്ഞിന് അപകടമായേക്കുമെന്ന കാരണത്താല്‍ എക്‌സ്‌റേയെടുക്കാനും സ്‌കാന്‍ ചെയ്യാനും അവര്‍ വിസ്സമ്മതിച്ചു.

ആത്മവിശ്വാസവും ഇച്ഛാശക്തിയുമുള്ള ആളായതിനാല്‍ വൈറസിനെ ഡിംപിള്‍ അതിജീവിക്കുമെന്ന് താനും കുടുംബാംഗങ്ങളും കരുതിയിരുന്നതായി രവീഷ് പറയുന്നു. ഓക്‌സിജന്‍ നിരക്ക് കുറഞ്ഞതോടെ ഡിംപിളിനെ ആശുപത്രിയിലേക്ക് മാറ്റി. റെഡിവിസിറും പ്ലാസ്മ തെറാപ്പിയും നല്‍കി. ഏപ്രില്‍ 25 നുണ്ടായ വയറുവേദനയെ തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങില്‍ കുഞ്ഞ് മരിച്ചതായി കണ്ടെത്തി. ഉടനെ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. പക്ഷെ അടുത്ത ദിവസം ഡിംപിള്‍ മരിച്ചു. 

കുഞ്ഞിന് അപകടമൊന്നും വരാതിരിക്കാന്‍ തന്റെ ജീവന്‍ അപകടത്തിലാക്കിയ ഡിംപിളിനോട് കുഞ്ഞ് മരിച്ച വിവരം പറയാവാതെ വിഷമിച്ചതായി രവീഷ് പറയുന്നു. എങ്കിലും അറിയിക്കേണ്ട കടമയുള്ളതില്‍ പറഞ്ഞെങ്കിലും ഡിംപിള്‍ അത് മനസിലാക്കിയിരുന്നില്ലെന്നും രവീഷ് കൂട്ടിച്ചേര്‍ത്തു. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ അന്വേഷിച്ച ഡിംപിളിനോട് ജനിച്ച ആണ്‍കുഞ്ഞിനെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണെന്ന് നുണപറയേണ്ടി വന്നതായി രവീഷ് ദുഃഖത്തോടെ പറയുന്നു. രണ്ടാമത്തേത് പെണ്‍കുഞ്ഞാവണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും തന്റെ കുഞ്ഞ് സുഖമായിരിക്കുന്ന വിവരം അറിഞ്ഞ സമാധാനത്തോടെയാവണം തന്റെ ഭാര്യ മരിച്ചതെന്ന് ആശ്വസിക്കുകയാണ് രവീഷ്.  

 

 

Content Highlights: Man who lost unborn child, wife to Covid-19 shares her final message