മുംബൈ: പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കേന്ദ്ര സാമൂഹ്യനീതി വകുപ്പുമന്ത്രിയും ആര്‍ പി ഐ(എ) പാര്‍ട്ടി അധ്യക്ഷനുമായ രാംദാസ് അത്താവ്‌ലെയ്ക്കു നേരെ ആക്രമണശ്രമം. പ്രവീണ്‍ ഗോസാവി എന്നയാളാണ് അത്തേവാലയുടെ മുഖത്തടിക്കാന്‍ ശ്രമിച്ചത്. 

ശനിയാഴ്ച ഭരണഘടനാദിനാചരണവുമായി ബന്ധപ്പെട്ട് അംബര്‍നാഥില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. അത്താവ്‌ലെ വേദിയില്‍നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രവീണ്‍ അടിക്കാന്‍ ശ്രമിച്ചത്. 

തുടര്‍ന്ന് ആര്‍ പി ഐ പ്രവര്‍ത്തകര്‍ പ്രവീണിനെ പിടിച്ചുമാറ്റി മര്‍ദിക്കുകയും പോലീസിന് കൈമാറുകയും ചെയ്തു. സാരമായി പരിക്കേറ്റ പ്രവീണിനെ ആദ്യം സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് ജെ ജെ ആശുപത്രിയിലേക്കും മാറ്റി.

സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍ പി ഐ(അത്താവ്‌ലെ) സംസ്ഥാന വ്യാപകമായി ഞായറാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രവീണ്‍ അംബ്ദേര്‍ അനുയായി ആണെന്നാണ് സൂചന. 

സമുദായത്തിന്റെ പേര് വ്യക്തിലാഭത്തിനു വേണ്ടി അത്താവ്‌ലെ ഉപയോഗിക്കുന്നതില്‍ പ്രകോപിതനായാണ് ആക്രമണത്തിനു മുതിര്‍ന്നതെന്ന് പ്രവീണ്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച പുലര്‍ച്ചയോടെ പ്രവീണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അത്താവ്‌ലെയ്‌ക്കെതിരെയുള്ള ആക്രമണം ആസൂത്രിതമാണെന്ന് ആര്‍ പി ഐ ആരോപിച്ചു.

content highlights: Man tries to slap cental minister ramdas athawala in mumbai