കൊൽക്കത്ത: രണ്ട് പശുക്കളെ വെച്ച് സ്വര്‍ണ്ണ പണയം ആവശ്യപ്പെട്ട് പശ്ചിമ ബംഗാളിലെ മുത്തൂറ്റ് ബ്രാഞ്ചിനെ സമീപിച്ചിരിക്കുകയാണ് ഒരു കര്‍ഷകന്‍. പശുവിന്‍പാലില്‍ സ്വര്‍ണ്ണമുണ്ടാകുമെന്ന് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ അടുത്തിടെ പ്രസംഗിച്ചിരുന്നു. ഈ പ്രതീക്ഷയിലാണ് പശുവിനെ സ്വർണ്ണപണയം വെക്കാമെന്ന പ്രതീക്ഷയില്‍ കര്‍ഷകന്‍ ദങ്കുനിയിലെ മണപ്പുറം ബ്രാഞ്ചിനെ സമീപിച്ചത്.

രണ്ട് പശുക്കളുമായി ബ്രാഞ്ചിലെത്തിയ കര്‍ഷകന്‍ പറഞ്ഞതിതാണ്- "പശുവിന്‍ പാലില്‍ സ്വര്‍ണ്ണം അടങ്ങിയിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. എന്റെ കുടുംബം ഈ പശുക്കളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. നിലവില്‍ 20 പശുക്കളാണുള്ളത് സ്വര്‍ണ്ണ വായ്പ ലഭിക്കുകയാണെങ്കില്‍ എനിക്കെന്റെ ബിസിനസ്സ് വിപുലപ്പെടുത്താമല്ലോ എന്നും കർഷകൻ പറഞ്ഞു.

നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ടെന്ന് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷനായ ദിലീപ് ഘോഷാണ് അടുത്തിടെ ഒരു ചടങ്ങിൽ പ്രസംഗിച്ചത്.

"നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം കലര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ് പാലിന് മഞ്ഞ നിറമുള്ളത്. പശുവിന്റെ പാല്‍ കുടിക്കുന്നതുകൊണ്ടാണ് നാം ജീവനോടെ ഇരിക്കുന്നത്. അവയെ കൊല്ലുന്നത് മഹാപരാധമാണ്. പശുക്കള്‍ നമ്മുടെ അമ്മയാണ്. നാടന്‍ ഇനം പശുക്കള്‍ മാത്രമാണ് നമ്മുടെ മാതാവ്, വിദേശി പശുക്കളല്ല. വിദേശികളെ ഭാര്യയാക്കിയവര്‍ പലരുമുണ്ട്. അവരൊക്കെ കുഴപ്പത്തില്‍ ചാടിയിട്ടേയുള്ളൂ", എന്നായിരുന്നു ദിലീപ് ഘോഷിന്റെ പ്രസംഗം

പശ്ചിമബംഗാളിലെ ബുര്‍ദ്വാനില്‍ അഷ്ടമി ആഘോഷപരിപാടിയില്‍ കഴിഞ്ഞ ദിവസം ദിലീപ് ഘോഷ് നടത്തിയ ഈ പ്രസംഗം വലിയ വാര്‍ത്തയാവുകയും വിവാദത്തിന്‌ വഴിവെക്കുകയും ചെയ്തിരുന്നു. 

വിദേശ പശുക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ പശുക്കള്‍ക്ക് പൂഞ്ഞയുണ്ടെന്നും ഈ പൂഞ്ഞയിലെ കുഴല്‍ സ്വര്‍ണനാരി എന്നാണറിയപ്പെടുന്നതെന്നും സൂര്യപ്രകാശം പൂഞ്ഞയുടെ മേല്‍ ഏല്‍ക്കുമ്പോള്‍ ഈ കുഴലിൽ സ്വര്‍ണ്ണം ഉത്പാദിപ്പിക്കപ്പെടുകയാണെന്നുമാണ് ദിലീപ് ഘോഷിന്റെ സിദ്ധാന്തം.

ഈ പ്രസംഗത്തെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഇദ്ദേഹത്തിന് വലിയ വിമര്‍ശനമേല്‍ക്കേണ്ടി വന്നിരുന്നു. വിവാദം ഏതാണ്ട് കെട്ടടങ്ങിയപ്പോഴാണ് സ്വര്‍ണവായ്പ ആവശ്യപ്പെട്ട് കര്‍ഷകന്‍ പശുവുമായി ബാങ്കിലെത്തിയത്.

content highlights: Man seeks gold loan against cows after BJP Ledaer Dilip Ghosh's gold in milk comment