ന്യൂഡല്‍ഹി: മണ്ണിടിച്ചിലില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന മോട്ടോര്‍സൈക്കിള്‍ യാത്രികന്റെ വീഡിയോ ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഈ വീഡിയോ ഇന്തോനേഷ്യയില്‍നിന്നുള്ളതെന്ന് സ്ഥിരീകരണമായി. ഇതോടെ ഈ സംഭവം നടന്നത് എവിടെയെന്ന കാര്യത്തിലുള്ള അവ്യക്തതയ്ക്കാണ് പരിഹാരമായിരിക്കുന്നത്.
തിരക്കേറിയ റോഡിലേയ്ക്ക് വലിയ കുന്ന് ഇടിഞ്ഞുവീഴുന്നതും റോഡിലൂടെ കടന്നുപോകുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതുമാണ് വീഡിയോയിലുള്ളത്. സെക്കന്റില്‍ ഒരംശത്തിന്റെ വ്യത്യാസത്തിലാണ് സ്‌കൂട്ടര്‍ യാത്രികന്‍ മണ്ണിനടിയില്‍ പെടാതിരുന്നത്. പൊടുന്നനെ റോഡിലേയ്ക്കു പതിച്ച മണ്‍കൂനില്‍ അയാളുടെ സ്‌കൂട്ടര്‍ മൂടിപ്പോവുകയും ചെയ്തു.
കാഴ്ചക്കാരില്‍ ഹൃദയമിടിപ്പേറ്റുന്ന വീഡിയോ വാട്‌സ്ആപ്പിലൂടെയും ട്വിറ്റര്‍, ഫേയ്‌സ്ബുക്ക് തുടങ്ങിയവയിലൂടെയും വലിയതോതില്‍ പ്രചരിക്കുന്നുണ്ട്. ഗോവയില്‍ നടന്ന സംഭവം എന്ന നിലയിലായിരുന്നു ഈ വീഡിയോ പ്രചരിച്ചിരുന്നത്. മേഘാലയയിലെ ദേശീയപാതയില്‍നിന്നുള്ള ദൃശ്യമാണിതെന്നും മറ്റുചിലര്‍ അവകാശപ്പെട്ടിരുന്നു. പിന്നീട് മേഘാലയ പോലീസ് ട്വിറ്ററിലൂടെ ഇക്കാര്യം നിഷേധിച്ചിരുന്നു.
ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ഈ വിഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അസം അടക്കമുള്ള സംസ്ഥാനങ്ങളിലെ മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തില്‍ അടുത്ത ദിവസങ്ങളില്‍ ഇത് വീണ്ടും വലിയതോതില്‍ പ്രചരിക്കുകയായിരുന്നു. എന്നാല്‍, ഏപ്രില്‍ ഒമ്പതിന് ഇന്തോനേഷ്യയിലെ സുകനഗരയിലെ ചിയാങ്ജുറില്‍ ആണ് സംഭവം നടന്നതെന്ന് മെട്രോ ടിവി ന്യൂസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlights: Man's Incredible Escape From Landslide