ഫിറോസാബാദ് : പൗരത്വ നിയമ ഭേദഗതിക്കെതിരായി നടന്ന പ്രതിഷേധത്തിനിടയില്‍ പരിക്കേറ്റ തന്നെ രക്ഷിച്ച മനുഷ്യനെ നന്ദിയോടെ സ്മരിക്കുകയാണ് അജയ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍. പ്രതിഷേധക്കാരില്‍ നിന്ന് തന്നെ രക്ഷിക്കാന്‍ ദൈവദൂതനെപ്പോലെയാണ് ഹാജി ഖാദിര്‍ എത്തിയതെന്ന് അദ്ദേഹം പറയുന്നു. പ്രതിഷേധങ്ങള്‍ക്കും അതിനെ നേരിടുന്ന പോലീസ് മുറകള്‍ക്കുമെല്ലാം ഉപരിയായി മനുഷ്യസ്നേഹത്തിന്‍റെ മാതൃകയാകുകയാണ് ഈ സംഭവം.

ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ കഴിഞ്ഞ ആഴ്ച പ്രതിഷേധക്കാരും പോലീസും തമ്മിലുളള ഏറ്റുമുട്ടലിനിടയിലാണ് അജയ് കുമാറിന് പരിക്കേല്‍ക്കുന്നത്. കൈകളിലും തലയ്ക്കും പരിക്കേറ്റ അജയ്കുമാറിനെ പ്രതിഷേധക്കാര്‍ മര്‍ദിക്കാന്‍ തുടങ്ങിയപ്പോഴാണ് ഹാജി ഖാദിര്‍ അദ്ദേഹത്തിന്റെ രക്ഷയ്‌ക്കെത്തിയത്. ഖാദിര്‍ അജയ് കുമാറിനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. പിന്നീട് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.

'ഹാജി സാഹബ് എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. എനിക്ക് വിരലുകളിലും തലയ്ക്കും പരിക്കേറ്റിരുന്നു. അദ്ദേഹം എനിക്ക് വെള്ളവും വസ്ത്രവും തന്നു. എന്‍റെ സുരക്ഷ ഉറപ്പാക്കി. പിന്നീട് സ്ഥിതി ശാന്തമായപ്പോള്‍ എന്നെ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. അദ്ദേഹം ഒരു മാലാഖയെ പോലെയാണ് എന്റെ സമീപത്തേക്ക് എത്തിയത്. അദ്ദേഹമെത്തിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ കൊല്ലപ്പെട്ടേനെ', അജയ് കുമാര്‍ പറഞ്ഞു. 

'അജയ് കുമാറിന്റെ പരിക്ക് ഗുരുതരമായിരുന്നു. രക്ഷിക്കുമെന്ന് ഞാന്‍ അദ്ദേഹത്തിന് ഉറപ്പുനല്‍കി. ആ സമയത്ത് എനിക്കദ്ദേഹത്തിന്റെ പേരുപോലും അറിയുമായിരുന്നില്ല. ഞാന്‍ ചെയ്തതെന്തോ അത് മനുഷ്യരാശിക്ക് വേണ്ടിയാണ്', ഖാദിര്‍ പറയുന്നു. 

Content Highlights: Man rescues policeman from violent mob