ഹൈദരാബാദ്: നെഹ്രു സുവോളജിക്കല്‍ പാര്‍ക്കില്‍ ആഫ്രിക്കന്‍ സിംഹത്തിന്റെ കൂടിന് സമീപം അപകടകരമാംവിധം എത്തിയ ആളെ സുരക്ഷാജീവനക്കാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ജി. സായ് കുമാര്‍ എന്നയാള്‍ക്കെതിരേ പരാതിയും നല്‍കിയിട്ടുണ്ട്. ആഫ്രിക്കന്‍ സിംഹത്തെ പാര്‍പ്പിച്ചിരുന്ന കിടങ്ങിന് മുകളില്‍ യുവാവ് കയറി നില്‍ക്കുകയായിരുന്നു.

സംഭവത്തിന്റെ മൊബൈല്‍ ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ തൊട്ടടുത്ത് സിംഹം നില്‍ക്കുന്നതും കാണാം. ഒടുവില്‍ സുരക്ഷാ ജീവനക്കാരെത്തി യുവാവിനെ അവിടെനിന്ന് മാറ്റി. പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിന് വിലക്കുള്ള മേഖലയിലേക്ക് സായ് കുമാര്‍ അതിക്രമിച്ചു കടന്നുവെന്ന് സുവോളജിക്കല്‍ പാര്‍ക്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇയാളെ പിടികൂടി ബഹദൂര്‍പുര്‍ പോലീസിലേല്‍പ്പിച്ചു. നിരോധിത മേഖലയിലേക്ക് അതിക്രമിച്ച കടന്നതിന് ഇയാള്‍ക്കെതിരേ പരാതി നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ അധികൃതര്‍ വ്യക്തമാക്കി.