പ്രയാഗ്‌രാജ്:  നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള സമ്പര്‍ക്കം ഐഎസ്ആര്‍ഒ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പാലത്തിന്റെ തൂണില്‍ കയറി നിന്ന് ഉത്തര്‍പ്രദേശുകാരന്റെ പ്രകടനം. ലാന്‍ഡറുമായുള്ള ആശയവിനിമയം തുടരാനായാല്‍ മാത്രമേ തിരിച്ചിറങ്ങൂ എന്ന വിചിത്രമായ ആവശ്യമുന്നയിച്ച് പ്രയാഗ് രാജ് സ്വദേശിയായ രജനികാന്താണ് ന്യൂ യമുന ബ്രിഡ്ജിന്റെ തൂണിന് മുകളില്‍ കയറിക്കൂടിയത്. 

തിങ്കളാഴ്ച രാത്രിയാണ് രജനികാന്ത് തൂണില്‍ കയറിയത്. താഴെയിറങ്ങാന്‍ ഒരുക്കമല്ലെന്ന ഭീഷണിയുമായി മണിക്കൂറുകളോളം  ഇയാള്‍ ഉയരമുള്ള തൂണില്‍ ചെലവിട്ടു. പാലത്തിന് താഴെക്കൂടിയ ആളുകള്‍ ഇറങ്ങാന്‍ പ്രേരിപ്പിച്ചെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. പിന്നീടിയാള്‍ ഒരു കുറിപ്പ് ആളുകള്‍ക്ക് കൈമാറി. ഇരുമ്പ് പാത്രത്തിലാക്കിയാണ് ഇയാള്‍ കുറിപ്പ് താഴേക്കിട്ടത്. 

'ഐഎസ്ആര്‍ഒയ്ക്ക് ചന്ദ്രയാന്‍ 2 ന്റെ വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ സാധ്യമാകുന്നത് വരെ ഞാന്‍ ചന്ദ്രദേവനോട് പ്രാര്‍ഥനയുമായി ഇവിടെ തന്നെ നില്‍ക്കും'. ഇതായിരുന്നു രജനികാന്തിന്റെ കുറിപ്പ്. പാലത്തിന്റെ മുകളില്‍  ഇന്ത്യന്‍ പതാകയുടെ അടുത്ത് നില്‍ക്കുന്ന രജനികാന്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

new yamuna bridge
News Yamuna Bridge, Image Courtesy: prayagraj.nic.in

രജനികാന്തിന്റെ ആദ്യത്തെ പ്രതിഷേധ പ്രകടനമല്ല ഇത്. ഇതേ പാലത്തിന്റെ മുകളില്‍ കയറി ഇയാള്‍ പരിസ്ഥിതി സംരക്ഷണനടപടികള്‍ വേണമെന്നാവശ്യപ്പെട്ടിട്ട് അധികനാള്‍ ആയിട്ടില്ല. 

ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 2 ന്റെ അവസാനഘട്ടത്തില്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിക്രം ലാന്‍ഡര്‍ ഓര്‍ബിറ്ററുമായുള്ള ബന്ധം നഷ്ടമായി ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയിട്ട് പതിനൊന്ന് ദിവസമായി. ലാന്‍ഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒ യും നാസയുമുള്‍പ്പെടെയുള്ള ബഹിരാകാശഗവേഷണകേന്ദ്രങ്ങള്‍ ശ്രമം തുടരുകയാണ്.

 

 Content Highlights: Man Refuses To Step Down From UP Bridge Until ISRO Contacts Vikram Lander