ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പതിനൊന്നാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പിതാവും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ 28 പേര്‍ക്കെതിരെ കേസ്. ലളിത്പുര്‍ സ്വദേശിനിയാണ് ക്രൂരതയ്ക്കിരയായത്. കുട്ടിയുടെ പിതാവിനെ കൂടാതെ സമാജ്‌വാദി പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ തുടങ്ങിയവര്‍ അടക്കമുള്ളവർക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തന്നെ പിതാവ് ആദ്യമായി ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടി പറഞ്ഞു. പിന്നീട് പലവട്ടം പിതാവ് ബലാത്സംഗത്തിനിരയാക്കിയതായും പെണ്‍കുട്ടി പോലീസിനോട് വ്യക്തമാക്കി. മറ്റുള്ള ആളുകളെ പിതാവ് വിളിച്ചുവരുത്താറുണ്ടായിരുന്നെന്നും അവരുമായി ലൈംഗികബന്ധം പുലര്‍ത്താന്‍ നിര്‍ബന്ധിച്ചിരുന്നെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. 

ചില കുടുംബാംഗങ്ങള്‍, സമാജ്‌വാദി പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ തിലക് യാദവ്, ഇയാളുടെ മൂന്ന് സഹോദരന്മാര്‍, ബി.എസ്.പി. ജില്ലാ അധ്യക്ഷന്‍ ദീപക് ആഹിര്‍വാര്‍ തുടങ്ങിയവര്‍ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തെ കുറിച്ച്  ആരോടെങ്കിലും പറഞ്ഞാല്‍ അമ്മയെ കൊലപ്പെടുത്തുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. 

28 പേര്‍ക്കെതിരെ കഴിഞ്ഞദിവസം രാത്രി കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് ലളിത്പുര്‍ എ.എസ്.പി. ഗിരിജേഷ് കുമാര്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും എല്ലാ മൊഴികളും വിവരങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യപരിശോധന നടത്തും. സവിശേഷ സ്വഭാവമുള്ള  കേസ് ആയതിനാല്‍ എല്ലാ വശങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്നും എ.എസ്.പി. കൂട്ടിച്ചേര്‍ത്തു.

content highlights: man rapes daughter, forces to have sexual relation with others, 28 booked in uttar pradesh