ദിസ്പുര്‍: റോഡ് മുറിച്ചു കടക്കുകയായിരുന്ന ആനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. അസമിലെ നുമാലിഗഡിലാണ് സംഭവം. ആനക്കൂട്ടത്തെ ഓടിക്കാന്‍ നാട്ടുകാർ ശ്രമിക്കുന്നതിനിടെ ആനകളിലൊന്ന് യുവാവിനെ ചവിട്ടിക്കൊല്ലുന്നതിന്‍റെ വീഡിയോ പുറത്തുവന്നു.

ആനകളെ പരിഭ്രാന്തിയിലാക്കി ഓടിക്കാന്‍ ജനക്കൂട്ടം ശ്രമിക്കുന്നതും ഇതില്‍ ക്ഷുഭിതനായ ഒരു ആന യുവാവിനെ ചവിട്ടിക്കൊല്ലുന്നതുമാണ് വീഡിയോയിലുള്ളത്. പസ്‌കല്‍ മുണ്ട എന്ന യുവാവാണ് മരിച്ചത്. ഇയാളെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രവീണ്‍ കസ്‌വാന്‍ എന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ആണ് ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

മൊറോംഗി തേയില എസ്‌റ്റേറ്റിന് സമീപം എന്‍.എച്ച്- 39ല്‍ ആണ് സംഭവം. റോഡ് മുറിച്ച് കടക്കുകയായിരുന്നു ആനകളുടെ കൂട്ടം. തേയില എസ്‌റ്റേറ്റിലെ തൊഴിലാളികളും ചില നാട്ടുകാരും ചേര്‍ന്ന് ആനക്കൂട്ടത്തെ പരിഭ്രാന്തരാക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ചിലര്‍ തങ്ങളുടെ ബൈക്കിന്റെ ഹോണ്‍ മുഴക്കിയും പ്രകോപനം സൃഷ്ടിക്കുന്നുണ്ടായിരുന്നു. 

മുന്നില്‍ പോയ ആനകള്‍ ഇതൊന്നും ശ്രദ്ധിക്കാതെ റോഡ് മുറിച്ചു കടന്നുപോയി. എന്നാല്‍ ഒടുവിലായി എത്തിയ ആന നാട്ടുകാരുടെ പ്രവൃത്തിയില്‍ കുപിതനാവുകയും ആള്‍ക്കൂട്ടത്തിന് നേരെ പാഞ്ഞടുക്കുകയുമായിരുന്നു. ആനയുടെ വരവ് കണ്ട് ആളുകള്‍ ഓടി മാറിയെങ്കിലും ആള്‍ക്കൂട്ടത്തില്‍പ്പെട്ട് ഒരാള്‍ നിലത്ത് വീണു. ഇയാളെയാണ് ആന ചവിട്ടി കൊലപ്പെടുത്തിയത്. 

Content Highlights: man killed in Assam as Elephant crushed him as a result of crowd teasing the herd