പ്രതീകാത്മകചിത്രം| Photo: Mathrubhumi
ന്യൂഡല്‍ഹി: അമിതമായ ശബ്ദത്തില്‍ പാട്ട് വെച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു. മഹേന്ദ്ര പാര്‍ക്കിലെ സാരായ് പിപാലി താലയിലെ സുശീല്‍(29)ആണ് മരിച്ചത്. സുശീലിന്റെ രണ്ട് സഹോദരന്‍മാര്‍ക്കും കുത്തേറ്റു. അയല്‍വാസിയായ അബ്ദുള്‍ സത്താര്‍ ഉച്ചത്തില്‍ പാട്ട് വെച്ചതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3.15 ഓടെ ലഭിച്ച വിവരത്തെ തുടര്‍ന്നാണ് സംഭവസ്ഥലത്തെത്തിയതെന്ന് പോലീസ് അറിയിച്ചു. കുത്തേറ്റ സുശീലിനേയും സഹോദരന്‍മാരായ സുനിലിനേയും അനിലിനേയും പോലീസ് ആശുപത്രിയിലെത്തിച്ചെത്തിച്ചെങ്കിലും സുശീല്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അനില്‍ ചികിത്സയിലാണ്.
അബ്ദുള്‍ സത്താറിന്റെ വീട്ടില്‍ ഉച്ചത്തില്‍ പാട്ട് വെച്ചതാണ് തര്‍ക്കത്തിന് കാരണമായതെന്ന് ആശുപത്രിയില്‍ കഴിയുന്ന സുനില്‍ മൊഴി നല്‍കി. ഒച്ച കുറയ്ക്കാന്‍ ആവശ്യപ്പെട്ടത് വാക്കുതര്‍ക്കത്തിന് വഴിതെളിച്ചതായും സത്താറും അയാളുടെ മക്കളായ ഷഹ്നാവാസ്, അഫാക്, ചാന്ദ്, ഹസീന്‍ എന്നിവരും ചേര്‍ന്ന് ആക്രമിച്ചതായി സുനില്‍ പറഞ്ഞു.
സംഭവത്തിനിടെ പരിക്കേറ്റ സത്താറിന്റെ ഭാര്യ ഷാജഹാനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സുനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സത്താര്‍, ഷഹ്നാവാസ്, അഫാക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
മരിച്ച സുശീലിന്റെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഉള്ളതായും സുശീല്‍ മദ്യക്കടത്ത് നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. വിവാഹിതനായ സുശീലിന് ഒരു മകനുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ബിജെആര്‍എം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights: Man Killed For Playing Loud Music In Delhi, 3 Arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..