ന്യൂഡല്‍ഹി: ഗുരുഗ്രാമിലെ ഒരു മേല്‍പ്പാലത്തില്‍ വെച്ച് കാറിന് തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ നാടകീയ നിമിഷങ്ങളുടെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിലെ പുതിയ ഹിറ്റ്. രാകേഷ് ചണ്ടല്‍ എന്നയാളുടെ കാറാണ് മേല്‍പ്പാലത്തില്‍ സഞ്ചരിക്കുന്നതിനിടെ തീപിടിച്ചത്. തീ ആളിപ്പടര്‍ന്ന് മുന്നോട്ട് നീങ്ങിയ കാറില്‍ നിന്ന് കഷ്ടിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. കാറില്‍ നിന്ന് രാകേഷ് ചാടി ഇറങ്ങുന്നതും തീഗോളമായി മാറിയ കാറ് മുന്നോട്ട് നീങ്ങുന്നതും മറ്റ് വാഹനങ്ങളില്‍ തട്ടുന്നതുമെല്ലാം വീഡോയോയില്‍ പതിഞ്ഞിട്ടുണ്ട്.

ഹീറോ ഹോണ്ട ചൗക്കിന് സമീപത്തെ രാജീവ് ചൗക്ക് മേല്‍പ്പാലത്തിലാണ് സംഭവം. ബന്ധുക്കള്‍ക്ക് നല്‍കാനുള്ള ദീപാവലി സമ്മാനങ്ങളുമായി പോകുകയായിരുന്നു രാകേഷ്. ഒരു ശബ്ദം കാറില്‍ നിന്ന് ഉണ്ടായതിനെ തുടര്‍ന്ന് താന്‍ കാറ് നിര്‍ത്തി പരിശോധിച്ചെന്നും എന്നാല്‍ ഒന്നും ശ്രദ്ധയില്‍ പെടാഞ്ഞതിനാല്‍ യാത്ര തുടരുകയുമായിന്നെന്നും രാക്ഷ് വ്യക്തമാക്കി. പിന്നീടും ഈ ശബ്ദം ഉയരുകയും പെട്ടെന്ന് തന്നെ കാറിന് തീ പിടിക്കുകയുമായിരുന്നു.

തീ പിടിച്ചു എന്ന് മനസ്സിലാക്കിുയതോടെ താന്‍ ബ്രെയ്ക്ക് ഉപയോഗിച്ച് കാര്‍ നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ബ്രെയ്ക്ക് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് കാറില്‍ നിന്ന് ചാടിയിറങ്ങിയ രാകേഷ് പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. അതിനിടയില്‍ തീ ആളിക്കത്തി മുന്നോട്ട് നീങ്ങിയ കാര്‍ എതിര്‍ വശത്ത് ഉണ്ടായിരുന്ന ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. 

ഞാന്‍ സഹായത്തിനായി നിലവിളിച്ചപ്പോഴും കണ്ടുനിന്നവര്‍ എന്നെ സഹായിക്കാതെ അപകടം വീഡിയോയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. താന്‍ അബോധാവസ്ഥയിലായിട്ടും ആരും തന്നെ സഹായിക്കുകയോ വെള്ളം തരുകയോ ചെയ്തില്ല.- രാകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

content highlights: Man jumps out of burning car on flyover