കാമില്‍ തോപ്‌നോ ഒരു എന്‍ജിനീയറിങ് ബിരുദധാരിയല്ല. ബിരുദതലം വരെയുള്ള വിദ്യാഭ്യാസം പോലും ലഭിക്കാത്ത കാമില്‍ പക്ഷെ തന്റെ ഗ്രാമവാസികള്‍ക്കായി ജലത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു യന്ത്രം നിര്‍മിച്ചു.  ജാര്‍ഖണ്ഡിലെ വിദൂരഗ്രാമമായ ലോഹര്‍ദാഗയിലെ ഇരുപതോളം വീടുകള്‍ ഇപ്പോള്‍ വിളക്കുകള്‍ തെളിയിക്കാനും ഫോണുകള്‍ ചാര്‍ജ് ചെയ്യാനും ഈ വൈദ്യുതിയാണ് ഉപയോഗിക്കുന്നത് അതും സൗജന്യമായി. 

ഓട്ടോ റിക്ഷയുടെ ചക്രങ്ങളും പെല്‍റ്റണ്‍ വീലുമുപയോഗിച്ചാണ് കാമില്‍ യന്ത്രം നിര്‍മിച്ചത്. ഉയരത്തില്‍ നിന്ന് വീഴുന്ന ജലത്തിന്റെ ശക്തിയെ വൈദ്യുതോര്‍ജമാക്കി മാറ്റുകയാണ് യന്ത്രം ചെയ്യുന്നത്. സ്‌കൂള്‍വിദ്യാഭ്യാസകാലത്ത് തന്റെ അധ്യാപകനില്‍ നിന്നാണ് ഇത്തരത്തിലൊരു യന്ത്രനിര്‍മാണത്തെ കുറിച്ചുള്ള ആശയം ലഭിച്ചതെന്ന് കാമില്‍ പറയുന്നു. 

2018 ലാണ് ഗ്രാമത്തില്‍ വൈദ്യുതി എത്തിയത്. 2013-2014 കാലത്താണ് കാമില്‍ ഈ യന്ത്രത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ഒരു കൊല്ലത്തിന് ശേഷമാണ് യന്ത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ആദ്യം റിക്ഷയുടെ ചക്രങ്ങളും ഡൈനാമോയും ഉപയോഗിച്ചാണ് യന്ത്രമുണ്ടാക്കിയതെന്നും എന്നാല്‍ വെള്ളത്തിന്റെ ഒഴുക്ക് കുറയുമ്പോള്‍ വൈദ്യുതി ഉത്പാദിക്കാനാവാതെയും വന്നതായി കാമില്‍ പറയുന്നു. 

പരിഹാസം ഭയന്ന് ആളുകളുമായി ഈ ആശയം പങ്കുവെക്കാന്‍ ആദ്യം മടിച്ചിരുന്നതായും പിന്നീട് യന്ത്രത്തിന്റെ പോരായ്മ മാറ്റിയതിന് ശേഷം ഗ്രാമീണരോട് കാര്യം അവതരിപ്പിക്കുകയും ചെയ്തതായി കാമില്‍ പറയുന്നു. രണ്ടു തവണ തന്റെ ഉദ്യമത്തില്‍ പരാജയപ്പെടുകയും പതിനായിരത്തോളം രൂപ കാമിലിന് നഷ്ടപ്പെടുകയും ചെയ്തു. തൊഴില്‍രഹിതനായിരുന്നതിനാല്‍ ആ തുക വലിയ നഷ്ടമായിരുന്നെങ്കിലും തന്റെ ശ്രമത്തില്‍ നിന്ന് കാമില്‍ പിന്‍മാറിയില്ല. 2015 ല്‍ കാമില്‍ തന്റെ പരീക്ഷണത്തില്‍ വിജയിച്ചു. 

 

Content Highlights: Kamil Topno Man In Jharkhand Helps Village To Get Free Electricity Using River Water