ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിനെ സഹായിക്കാന്‍ 2.63 ലക്ഷം രൂപയുടെ ചെക്കുമായി യുവാവ് ജില്ലാ കളക്ടറുടെ ഓഫീസിലെത്തി. നാമക്കലിലെ ജില്ലാ കളക്ടറുടെ ഓഫീസിലാണ് മഹാത്മാഗാന്ധിയുടെ വേഷവിധാനത്തില്‍ രമേശ് എന്നയാള്‍ എത്തിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കി ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെയാണ് രമേശ് 'സഹായ'വുമായെത്തിയത്.  

സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നതെന്ന് മന്ത്രി ത്യാഗരാജന്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. എഐഎഡിഎംകെ സര്‍ക്കാരിന്റെ പിടിപ്പുകേട് കാരണമാണ് സംസ്ഥാനം ഈ നിലയിലായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 122 പേജ് വരുന്ന ധവളപത്രത്തില്‍ 2011 മുതലുള്ള കണക്കുകള്‍ ഉള്‍പ്പെടുത്തിയിരുന്നു.

ധവളപത്രത്തിലെ കണക്കുകള്‍ പ്രകാരം 2022 മാര്‍ച്ച് ആകുമ്പോള്‍ സംസ്ഥാനത്തിന്റെ കടബാധ്യത 5,70,189 കോടിയാകുമെന്ന് മന്ത്രി അറിയിച്ചു. നിലവില്‍ തമിഴ്‌നാട്ടില്‍ 2,16,24,238 കുടുംബങ്ങളാണുള്ളതെന്നും ശരാശരി ഒരു കുടുബത്തിന്റെ കടം 2,63,976 രൂപ വീതം വരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധി തരണം ചെയ്യാനുള്ള നടപടികളും പദ്ധതികളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ധവളപത്രം പുറത്തിറങ്ങി തൊട്ടടുത്ത ദിവസമാണ് രമേശ് തന്റെ കുടുംബത്തിന്റെ 'കടം വീട്ടാനെ'ത്തിയത്. ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ പിന്തുടരുന്നതിനാല്‍ ഗാന്ധി രമേശ് എന്ന പേരിലാണ് രമേശ് അറിയപ്പെടുന്നത്. ധവളപത്രപ്രകാരം തന്റെ കുടുംബത്തിന് ബാധ്യത വരുന്ന 2,63,976 രൂപ സംഭാവന നല്‍കി സര്‍ക്കാരിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നതായി രമേശ് അറിയിച്ചു. 

വലിപ്പമേറിയ ചെക്കുമായെത്തിയ രമേശ് അത് സ്വീകരിച്ച് തന്റെ കുടുംബത്തിന്റെ കടബാധ്യത അവസാനിപ്പിച്ച് രസീത് നല്‍കാനും അധികൃതരോട് ആവശ്യപ്പെട്ടു. മറ്റുള്ളവര്‍ക്ക് പ്രേരണയാകാനാണ് താന്‍ ഈ വിധത്തില്‍ പ്രവര്‍ത്തിച്ചതെന്നും എല്ലാവരും ഈ തുക നല്‍കാന്‍ തയ്യാറായാല്‍ സര്‍ക്കാരിന് പ്രതിസന്ധിയില്‍ നിന്ന് കരകയറാമെന്നും രമേശ് പ്രതികരിച്ചു. 

എന്തായാലും രമേശില്‍ നിന്ന് ചെക്ക് കൈപ്പറ്റാന്‍ അധികൃതര്‍ തയ്യാറായില്ല. അദ്ദേഹത്തോട് വീട്ടിലേക്ക് മടങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

 

Content Highlights: Man in Gandhi attire brings Rs 2.63 lakh cheque to help clear Tamil Nadu govt's debt