പാട്‌ന; സര്‍ക്കാര്‍ ജോലി നേടുക എന്നത് ഏതൊരു സാധാരണക്കാരനായ പൗരന്റെയും സ്വപ്‌നങ്ങളിലൊന്നാണ്. അതുവഴി ലഭിക്കാവുന്ന ജീവിത സുരക്ഷിതത്വവും വിരമിച്ച് കഴിയുമ്പോള്‍ ലഭിക്കുന്ന പെന്‍ഷനുമാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ഒരാള്‍ക്ക് തന്നെ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ഒരേസമയം ജോലി ലഭിച്ചാലോ. ഒരു ജോലി ഉപേക്ഷിച്ച് മെച്ചപ്പെട്ടത് തിരഞ്ഞെടുക്കാം.
എന്നാല്‍ ബിഹാറില്‍ ഒരാള്‍ ഒരേ സമയം മൂന്നു തസ്തികകളില്‍ ജോലി ചെയ്തു. സുരേഷ് റാമെന്നയാളാണ് ഇങ്ങനെ ഒരേ സമയം മൂന്നു വകുപ്പില്‍ ജോലിയും ശമ്പളവും ആയി ജീവിച്ചത്. കഴിഞ്ഞ 30 വര്‍ഷമായി മൂന്ന് സര്‍ക്കാര്‍ വകുപ്പുകളിലാണ് ഒരേസമയം ജോലി ചെയ്തിരുന്നത്.
1988 ല്‍ പാട്‌ന കെട്ടിട നിര്‍മാണ വകുപ്പിന്റെ കീഴില്‍ ജൂനിയര്‍ എഞ്ചിനീയറായാണ് സുരേഷ് റാം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഒരുവര്‍ഷത്തിന് ശേഷം ഇയാള്‍ക്ക് സിറ്റി വാട്ടര്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ജൂനിയര്‍ എഞ്ചിനീയറായി നിയമിച്ചുകൊണ്ടുള്ള നിയമന കത്ത് വന്നു. പിന്നാലെ അടുത്ത നിയമന കത്തുമെത്തി. വീട്ടിലേക്ക് വരുന്ന ലക്ഷ്മിദേവിയെ ആട്ടിപ്പായിക്കേണ്ടെന്ന് കരുതി സുരേഷ് റാം മൂന്ന് നിയമന ഉത്തരവും വിനയാന്വിതനായി കൈപ്പറ്റി മൂന്നിടത്തും ജോലി തുടര്‍ന്നു.
ഒടുക്കം പിടിക്കപ്പെടുമ്പോള്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലാണ് ഇയാള്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. കിഷന്‍ഗഞ്ച്, ബാങ്ക, സുപോള്‍ എന്നിവിടങ്ങളിലുള്ള ഓഫീസുകളിലാണ് സുരേഷ് രാം ജോലി ചെയ്തിരുന്നത്. മൂന്ന് വകുപ്പുകളില്‍ നിന്നുമുള്ള ശമ്പളം എല്ലാമാസവും കൃത്യമായി അക്കൗണ്ടിലെത്തുകയും ചെയ്തു എന്നതാണ് അതിശയം.
എങ്ങനെയാണ് ഇയാള്‍ ഇത്രയും കാലം ബഹുമുഖ ജോലികള്‍ ചെയ്തുകൊണ്ടിരുന്നതെന്ന് വ്യക്തമല്ല. ബീഹാറിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാനം, ചിലവ്, സ്വത്ത് എന്നിവ നിരീക്ഷിക്കുന്ന കോംപ്രെഹെന്‍സീവ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റ(സി.എഫ്.എം.എസ്) മാണ് സുരേഷ് റാം ഒരു കുമ്പിടിയാണെന്ന് ഒടുക്കം കണ്ടുപിടിച്ചത്. ആധാര്‍, പാന്‍, ജനന തിയതി തുടങ്ങിയവ സി.എഫ്.എം.എസില്‍ രേഖപ്പെടുത്തണം. ഇങ്ങനെ ഇവയെല്ലാം രേഖപ്പെടുത്തിയപ്പോഴാണ് സുരേഷ് റാം പിടിയിലാകുന്നത്.
ഇപ്പോള്‍ ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇത്രയും കാലം ഒരാള്‍ക്ക് സര്‍ക്കാര്‍ സര്‍വീസുകളില്‍ പിടിക്കപ്പെടാതെ ജോലി ചെയ്യാന്‍ സാധിച്ചുവെന്നത് ബീഹാറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ പിഴവാണെന്നാണ് വിലയിരുത്തല്‍.
വാര്‍ത്തയ്ക്ക് കടപ്പാട്- ഡി.എന്‍.എ
Content Highlights: An FIR has been registered against Ram in Kishanganj police station