തിനൊന്നുകാരിയായ തുല്‍സികുമാറിന് പഠിക്കണം. കോവിഡ് കാരണം സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്. ഓണ്‍ലൈനിലൂടെയാണ് ക്ലാസുകള്‍. സ്മാര്‍ട്ട്‌ഫോണില്ലാത്തതിനാല്‍ ക്ലാസുകള്‍ കാണാനോ കേള്‍ക്കാനോ തുല്‍സിയ്ക്ക് കഴിയുന്നുണ്ടായിരുന്നില്ല. ഒരു ഫോണ്‍ വാങ്ങാന്‍ വീട്ടുകാര്‍ക്കും സാധ്യമാകുമായിരുന്നില്ല.

സ്വന്തമായി കുറച്ചു പണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി തുല്‍സി വഴിയോരത്ത്‌ മാമ്പഴക്കച്ചവടം ആരംഭിച്ചു. മാമ്പഴം വിറ്റ് കിട്ടുന്ന പണം കൂട്ടി വെച്ച് ഫോണ്‍ വാങ്ങാമെന്നായിരുന്നു ആ കുഞ്ഞുമനസ് കരുതിയത്. എന്നാല്‍ തുല്‍സിയ്ക്ക് അധികനാള്‍ മാമ്പഴവില്‍പന നടത്തേണ്ടി വന്നില്ല. 

തുല്‍സിയുടെ കഥ ഒരു പ്രാദേശിക ചാനലിലൂടെ അറിയാനിടയായ വാല്യുബിള്‍ എഡ്യൂടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ അമേയ  ദേവദൂതനെ പോലെ അവള്‍ക്ക് സഹായവുമായെത്തി. എന്നാല്‍ സൗജന്യമായി സഹായം നല്‍കുന്നതിന് പകരം തുല്‍സിയുടെ പക്കല്‍ നിന്ന് അദ്ദേഹം മാമ്പഴങ്ങള്‍ വാങ്ങി. ഓരോ മാമ്പഴത്തിനും 10,000 രൂപ വീതം നല്‍കി പന്ത്രണ്ടെണ്ണം അമേയ വാങ്ങി. 

1,20,000 രൂപ തുല്‍സിയുടെ അച്ഛന്‍ ശ്രീമല്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കഴിഞ്ഞ ബുധനാഴ്ച അമേയ ട്രാന്‍സ്ഫര്‍ ചെയ്തു. ജാര്‍ഖണ്ഡിലെ ജാംഷെഡ്പുരിലാണ് തുല്‍സിയുടെ വീട്. സര്‍ക്കാര്‍ സ്‌കൂളില്‍ അഞ്ചാതരത്തിലാണ് തുല്‍സി ഇപ്പോള്‍ പഠിക്കുന്നത്. ഇനിയിപ്പോള്‍ തുല്‍സിയ്ക്ക് ക്ലാസുകള്‍ മുടങ്ങില്ല. 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ ഭൂരിഭാഗം കുട്ടികള്‍ക്കും ഇപ്പോഴും സ്മാര്‍ട്ട് ഫോണുകളും ലാപ്‌ടോപ്പുകളും അപ്രാപ്യമാണ്. പലയിടങ്ങളിലും അധ്യാപകര്‍ തന്നെ മുന്നിട്ടിറങ്ങി തങ്ങളുടെ കുട്ടികള്‍ക്ക് പഠനസൗകര്യം ഒരുക്കി നല്‍കുന്നുണ്ട്. കൂടാതെ അമേയയെ പോലുള്ള സുമനസ്സുകളും കുട്ടികളുടെ സഹായത്തിനെത്തിച്ചേരുന്നത് കോവിഡ് കാലത്തെ നന്മ നിറഞ്ഞ കാഴ്ചകളില്‍ പെടുന്നു.

 

Content Highlights: Man Helps 11 Years Old Street Vendor By Buying Mangoes For 1.2 Lakhs