തനിക്ക് കഴിക്കാനായി ഭാര്യ ലഡ്ഡു മാത്രം നല്‍കുന്നതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. ഒരു സിദ്ധന്റെ ഉപദേശപ്രകാരമാണ് ഭാര്യ തനിക്ക് ലഡ്ഡു മാത്രം നല്‍കുന്നതെന്ന പരാതിയുമായി ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് സഹായം തേടി കുടുംബ കോടതിയിലെത്തിയത്‌.

രാവിലെയും രാത്രിയും നാല് ലഡ്ഡു വീതമാണ്‌ യുവാവിന്റെ ഭാര്യ കഴിക്കാനായി നല്‍കിയിരുന്നത്. മറ്റ് ഭക്ഷണം നല്‍കുകയോ കഴിക്കാന്‍ അനുവദിക്കുകയോ ചെയ്യുന്നില്ലെന്ന് യുവാവ് പറഞ്ഞു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പത്ത് കൊല്ലമായി. ദമ്പതിമാര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. 

കുറച്ചുകാലമായി അസുഖബാധിതനാണ് യുവാവ്. ഭര്‍ത്താവിന്റെ രോഗം മാറാനുള്ള മാര്‍ഗം തേടി സമീപിച്ച യുവതിയോട് ഭര്‍ത്താവിന് ദിവസേന രണ്ടുനേരം ലഡ്ഡു മാത്രം നല്‍കാന്‍ സിദ്ധന്‍ ഉപദേശിക്കുകയായിരുന്നുവെന്നാണ് വിവരം. തനിക്കിനി പീഡനം സഹിക്കാനാവില്ലെന്നും വിവാഹമോചനം വേണമെന്നും യുവാവ് കോടതിയെ ധരിപ്പിച്ചു. 

എന്തായാലും കോടതിയുടെ കൗണ്‍സിലിങ് പാനല്‍ ആകെ കുഴങ്ങിയ അവസ്ഥയിലാണ്. ദമ്പതിമാരെ കൗണ്‍സിലിങ്ങിന് വിധേയരാക്കാമെങ്കിലും യുവതിയെ അന്ധവിശ്വാസത്തില്‍ നിന്ന് മോചിപ്പിക്കാനാവില്ലെന്ന് പാനല്‍ പറയുന്നു. ലഡ്ഡു കഴിച്ചാല്‍ മാത്രമേ ഭര്‍ത്താവിന്റെ അസുഖം മാറുകയുള്ളുവെന്ന യുവതിയുടെ വിശ്വാസം മാറ്റാനാവില്ലെന്ന് പാനല്‍ നിസ്സഹായത പ്രകടിപ്പിച്ചു. 

 

Content Highlights: Man gets overdose of 'laddoos', seeks divorce