പുണൈ: കോവിഡ് ബാധയെ തുടർന്ന് കർശനനിയന്ത്രണങ്ങളേർപ്പെടുത്തിയ മൂന്ന് ജില്ലകളിലൂടെ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച് സഹോദരന്റെ വീട്ടിൽ എത്തിയ യുവാവിന് കോവിഡ്-19 സ്ഥിരീകരിച്ചു. പുണൈയിലാണ് സംഭവം. ഇതുവരെ രോഗബാധ കണ്ടെത്താത്തിനെ തുടർന്ന് ഗ്രീൻ സോൺ ആയി പ്രഖ്യാപിച്ച ജില്ലയിലാണ് യുവാവ് എത്തിയത്.

പുണൈയ്ക്ക് സമീപം ജവാല ബസാറിലെ ഫർണിച്ചർ കടയിലെ ജോലിക്കാരനായ യുവാവ് ഏപ്രിൽ 12നാണ് ബൈക്കിൽ പർഭാനി ജില്ലയിലെ സഹോദരന്റെ വീട്ടിലേക്ക് പോയത്. എന്നാൽ അടുത്തദിവസം തന്നെ ഇയാൾക്ക് അസ്വസ്ഥകൾ ആരംഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.

മൂന്നെണ്ണത്തിൽ രണ്ട് ജില്ലകളിൽ ചെക്ക് പോസ്റ്റിൽ ഇയാളെ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ പാസ് ഉള്ളിനാൽ ഇയാളെ യാത്ര തുടരാൻ അനുവദിച്ചു. എന്നാൽ ബീഡ് ജില്ലാ അതിർത്തിയിൽ പോലീസ് ഇയാളെ തടഞ്ഞു. പക്ഷെ ഇയാൾ ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു.

യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ സമ്പർക്കമുണ്ടായെന്ന് കരുതുന്ന 17ഓളം പേരെ നിരീക്ഷണത്തിലാക്കി. ചെക്ക് പോസ്റ്റുകളിൽ പരിശോധനയ്ക്കുണ്ടായിരുന്ന പോലീസുകാരും ഇതിൽ ഉൾപ്പെടുന്നു.

ഗ്രീൻ സോൺ ആയി പ്രഖ്യാപിച്ച ജില്ലയാണ് പർഭാനി. മഹാരാഷ്ട്രയിൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെടാത്ത 8 ജില്ലകളിൽ ഒന്നാണ് പർഭാനിയും.

അതേസമയം പർഭാനിയിൽ എത്തുന്നതിന് മുൻപ് തന്നെ യുവാവിന് നേരത്തെ തന്നെ രോഗലക്ഷണങ്ങൾ പ്രകടമായിരുന്നുവെന്നും ആശുപത്രിയിൽ കാണിച്ചപ്പോൾ പരിശോധന നടത്താതെ പറഞ്ഞയച്ചുവെന്നും ആരോപണമുണ്ട്.

Content Highlights: Man from Pune who slipped in despite check-posts is first Covid-19 patient in Green Zone Parbhani