ചെന്നൈ: നീലഗിരിയില്‍ നാട്ടിലിറങ്ങിയ നരഭോജിക്കടുവയെ മയക്കുവെടി വെച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. ദൗത്യസംഘത്തിന്റെ നേതൃത്വത്തില്‍ കുങ്കിയാനകളേയും ഡ്രോണുകളുമെല്ലാം എത്തിച്ച് വ്യാപക തിരച്ചില്‍ നടക്കുന്നു. മസിനഗുഡി ബോസ്പര മേഖലയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

വ്യാഴാഴ്ച രാത്രി 10 മണിയോടെ തെപ്പക്കാട് - മസിനഗുഡി റോഡിന് സമീപത്ത് വെച്ച് കടുവയെ ദൗത്യസംഘം കണ്ടു. രണ്ട് തവണ മയക്കുവെടിവെച്ചെങ്കിലും കടുവ കാട്ടിലേക്കോടി. പിന്നാലെ തന്നെ ദൗത്യസംഘം തിരച്ചില്‍ നടത്തി. എന്നാല്‍ ഇരുട്ട് തിരച്ചിലിന് തടസ്സമായി. 

സാധാരണ നിലയില്‍ മയക്കുവെടി വെച്ചാല്‍ 20 മുതല്‍ 30 മിനുട്ട് വരെ സമയത്തിനകം കടുവ ബോധം കെട്ട് വീഴാന്‍ സാധ്യതയുണ്ട് എന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ വെടിവെച്ച സ്ഥലത്തിന് ചുറ്റും മണിക്കൂറുകളായി തിരച്ചില്‍ നടത്തിയിട്ടും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ദേവന്‍ എസ്റ്റേറ്റ്, ബോസ്പര മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ പരിശോധന. തെപ്പക്കാട് നിന്ന് മസിനഗുഡിക്കും മൈസൂരേക്കും പോകുന്ന റോഡ് അടച്ചു. മൂന്ന് കുങ്കിയാനകളാണ് തിരച്ചിലിനുള്ളത്. കാട്ടിനുള്ളില്‍ സ്ഥാപിച്ച ക്യാമറകളിലെയും ഡ്രോണ്‍ ക്യാമറകളിലെയും ദൃശ്യങ്ങള്‍ നിരന്തരം പരിശോധിച്ചു കൊണ്ടിരിക്കുന്നു. 

കടുവയെ മയക്കുവെടിവെച്ചു എന്ന് വിവരം ഇന്നലെ രാത്രിയോടെ പുറത്ത് വന്നപ്പോള്‍ പ്രദേശവാസികള്‍ ആശ്വസിച്ചിരുന്നു. എന്നാല്‍ പിടികൂടാന്‍ കഴിയാത്തത് ആശങ്കയായി.

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ നാല് മനുഷ്യരേയും മുപ്പതിലധികം വളര്‍ത്തു മൃഗങ്ങളേയുമാണ് ടി.23 എന്ന കടുവ കൊന്നത്. വളരെ വേഗം സഞ്ചരിക്കുന്ന ഈ കടുവ ദൗത്യസംഘത്തിന് മുന്നില്‍ വലിയ വെല്ലുവിളി തീര്‍ക്കുന്നു. അതുകൊണ്ടാണ് പൊതുവെ രാത്രി മയക്കുവെടി വെക്കാറില്ലെങ്കിലും ദൗത്യസംഘം ഇന്നലെ കടുവയെ കണ്ടയുടന്‍ വെടിവെച്ചത്.