കൊല്‍ക്കത്ത: ലോക കപ്പ് കാലത്ത് ഫ്‌ളിപ്കാര്‍ട്ടില്‍നിന്ന് ഹെഡ്‌ഫോണ്‍ വാങ്ങിയ ഒരു ഫുട്‌ബോള്‍ ആരാധകന് കിട്ടിയത് എട്ടിന്റെ പണി. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തില്‍നിന്ന ഹെഡ്‌ഫോണിനു പകരം വന്നത് എണ്ണക്കുപ്പി, കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ബിജെപി മെമ്പര്‍ഷിപ്പും! എന്‍ഡിടിവിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പാതിരാത്രിവരെ നീളുന്ന ലോക കപ്പ് മാച്ചുകള്‍ മറ്റുള്ളവരുടെ ഉറക്കത്തിന് ഭംഗമുണ്ടാക്കാതിരിക്കാനാണ് കൊല്‍ക്കത്തക്കാരനായ ഫുട്‌ബോള്‍ ആരാധകന്‍ ഹെഡ്‌ഫോണ്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഫ്‌ളിപ്കാര്‍ട്ടില്‍ രണ്ടു സെറ്റ് ഹെഡ്‌ഫോണുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും ചെയ്തു അദ്ദേഹം. വീട്ടിലെത്തിയ ഫ്‌ളിപ്കാര്‍ട്ടിന്റെ പാക്കറ്റ് പൊളിച്ചു നോക്കിയപ്പോഴാണ് അദ്ദേഹം അമ്പരന്നത്. ഹെഡ്‌ഫോണുകള്‍ക്കു പകരം പാക്കറ്റിലുണ്ടായിരുന്നത് ഒരു കുപ്പി എണ്ണയായിരുന്നു.
തുടര്‍ന്ന് അദ്ദേഹം പാക്കറ്റിലുണ്ടായിരുന്ന ഫ്‌ളിപ്കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് ഫോണ്‍ ചെയ്തു. ഒരു തവണ ബെല്ലടിച്ച ശേഷം ഫോണ്‍ കട്ട് ആയി. വീണ്ടും വിളിക്കുന്നതിനിടയില്‍ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. ബിജെപിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ളതായി മെസ്സേജ്. ഒപ്പം ബിജെപിയുടെ പ്രാഥമിക അംഗത്വ നമ്പറുമുണ്ടായിരുന്നു. അംഗത്വമെടുക്കുന്ന പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിന് പേരും വിലാസവും പിന്‍കോഡും അടക്കമുള്ള വിവരങ്ങള്‍ എസ്എംഎസ് അയയ്ക്കാനും നിര്‍ദേശമുണ്ടായിരുന്നു.
മെസേജ് കണ്ട് അമ്പരന്ന ഉപഭോക്താവ് വീണ്ടും ആ നമ്പറില്‍ വിളിച്ചു. വീണ്ടും അതേ മെസ്സേജ് വന്നു. തുടര്‍ന്ന് ചില സുഹൃത്തുക്കളെക്കൊണ്ടും വിളിപ്പിച്ചെങ്കിലും ഇതുതന്നെയായിരുന്നു ഫലം. പിന്നീട് ഫ്‌ളിപ്കാര്‍ട്ടിന്റെ യഥാര്‍ഥ കസ്റ്റമര്‍ കെയര്‍ നമ്പര്‍ കണ്ടെത്തുകയും അതില്‍ വിളിച്ച് പരാതിപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഫ്‌ളിപ്കാര്‍ട്ട് ഇയാള്‍ക്ക് ഹെഡ്‌ഫോണ്‍ അയച്ചുകൊടുത്തു. അബദ്ധത്തില്‍ ഹെഡ്‌ഫോണിനു പകരം എണ്ണ അയച്ചതാണെന്നും അത് ഉപയോഗിക്കുകയോ കളയുകയോ ചെയ്യാമെന്നും അധികൃതര്‍ അറിയിക്കുകയും ചെയ്തു.
അതേസമയം, തങ്ങളുടെ അംഗത്വ നമ്പര്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ പാക്കറ്റില്‍ വന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് ബിജെപി ബംഗാള്‍ ഘടകം വ്യക്തമാക്കി. ഈ നമ്പര്‍ തങ്ങളുടെ വെബ്‌സൈറ്റിലും ഫേസ്ബുക്കിലുമെല്ലാം ഉണ്ട്. ആര്‍ക്കു വേണമെങ്കിലും ഇത് പങ്കുവെക്കാവുന്നതാണ്. ആരെങ്കിലും അങ്ങനെ ചെയ്താല്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നും ബിജെപി വക്താവ് പറഞ്ഞതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
തങ്ങള്‍ മുന്‍പ് കസ്റ്റമര്‍ കെയര്‍ നമ്പറായി ഉപയോഗിച്ചിരുന്ന നമ്പറായിരുന്നു ഇതെന്നും പിന്നീട് ഈ നമ്പര്‍ ഉപേക്ഷിച്ചതായും ഫ്‌ളിപ്കാര്‍ട്ട് പറയുന്നു. ആറ് മാസമായി ഉപയോഗത്തിലില്ലാത്ത ഈ നമ്പര്‍ ടെലിഫോണ്‍ കമ്പനി മറ്റാര്‍ക്കെങ്കിലും നല്‍കിയതാകാമെന്നും അവര്‍ പറയുന്നു.
Content Highlights: Flipkart, BJP membership
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..