ന്യൂഡല്‍ഹി: കോവിഡ് ബാധിതനല്ലെന്ന് തെളിയിക്കുന്ന പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കത്തതിനാല്‍ വിമാനത്തില്‍ യാത്ര നിഷേധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ കോലാഹലമുണ്ടാക്കിയ യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് വിമാനയാത്രക്കാര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാണ്. 

ഉത്തര്‍പ്രദേശിലെ രുദ്രാപുരില്‍ നിന്നുള്ള സൂരജ് പാണ്ഡെ എന്ന മുപ്പത്തിയാറുകാരനെയാണ് അറസ്റ്റ് ചെയ്തത്. വിസ്താര എയര്‍ലൈന്‍സിന്റെ ഡെപ്യൂട്ടി മാനേജര്‍ ദീപക് ഛദ്ദയില്‍ നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മുംബൈയിലേക്കുള്ള യാത്രടിക്കറ്റുമായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിസ്താര എയര്‍ലൈന്‍ കൗണ്ടറിലെത്തിയ ഇയാളുടെ പക്കല്‍ ആര്‍ടി-പിസിആര്‍ പരിശോധനാ റിപ്പോര്‍ട്ടില്ലാത്തതിനാല്‍ യാത്ര അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

മൂന്ന് മണിയോടെ സൂരജ് പ്രകോപിതനാവുകയും ബഹളം വെക്കാനാരംഭിക്കുകയും ചെയ്തതായി എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ബാഗേജുകള്‍ കടത്തി വിടുന്ന കണ്‍വേയര്‍ ബെല്‍റ്റിന് മുകളിലൂടെ നടക്കുകയും വിമാനത്താവളത്തിലെ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുകയും യാത്രക്കാരെ തടഞ്ഞു നിര്‍ത്തുകയും ചെയ്തതായി പോലീസ് കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥര്‍ തുടരെ ആവശ്യപ്പെട്ടിട്ടും ഇയാള്‍ ശാന്തനായില്ല. 

മുംബൈയിലേക്കുള്ള മറ്റൊരു വിമാനത്തില്‍ യാത്ര അനുവദിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. വിമാനത്താവളത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ അധികൃതരുടെ പരാതി ശരിയാണെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഇയാളെ ബലമായി പിടിച്ചു കൊണ്ടു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീടിയാളെ ഡല്‍ഹി പോലീസിന് കൈമാറുകയായിരുന്നു. ഡല്‍ഹി പോലീസ് ആക്ടനുസരിച്ച് ഇയാള്‍ക്കെതിരെ കേസെടുത്തു. പിന്നീട് കോടതിയില്‍ ഹാജരാക്കും. 

തങ്ങളുടെ ജീവനക്കാരോടും ഉപഭോക്താക്കളോടും സൂരജ് മോശമായി പെരുമാറിയതായും വിമാനത്താവളത്തില്‍ സുരക്ഷാഭീഷണി സൃഷ്ടിക്കുകയും ചെയ്തതായും വിസ്താര വക്താവ് വ്യക്തമാക്കി. ബുക്ക് ചെയ്ത ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരികെ നല്‍കിയതായും വിമാനത്താവളത്തിലേയോ യാത്രക്കാരുടേയോ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന പ്രവൃത്തികള്‍ വിസ്താര ഒരു തരത്തിലും അനുവദിക്കില്ലെന്നും വക്താവ് അറിയിച്ചു.  

 

 

Content Highlights: Man Denied Boarding For Not Carrying Covid Report, Walks On Baggage Belt