ആള്‍വാര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ പശുക്കടത്താരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ കൊലപ്പെടുത്തി. അക്ബര്‍ഖാന്‍ (28) എന്നയാളാണ് കൊല്ലപ്പെട്ടത്. അക്ബർ ഖാനും മറ്റൊരാളും രണ്ടു പശുക്കളുമായി പോകുമ്പോഴായിരുന്നു ആക്രമണം. ആള്‍വാറിലെ രാംഗഡില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കൂടെയുണ്ടായിരുന്നയാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. 

ഹരിയാണയിലെ തന്റെ ഗ്രാമമായ കൊല്‍ഗാനിലേക്ക് പശുക്കളുമായി പോകവെയാണ് ഇവർ പശുക്കടത്തുകാരാണെന്ന് ആരോപിച്ച് ജനക്കൂട്ടം ആക്രമിച്ചത്. മൃതദേഹം ആല്‍വാര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. 

കഴിഞ്ഞ വര്‍ഷം 50 വയസുള്ള പെഹ്‌ലു ഖാന്‍ എന്നയാളെ ആള്‍വാറില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. ഇതിന്റെ വാര്‍ഷികമായിരുന്നു വെള്ളിയാഴ്ച.

ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ നിയമനിർമാണം നടത്തണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതിന് നാലു ദിവസങ്ങൾക്കുള്ളിലാണ് ഇത്തരമൊരു സംഭവം വീണ്ടുമുണ്ടായിരിക്കുന്നത്. 

ലോക്സഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ച് ലോക്‌സഭയില്‍ ചൂടേറിയ വാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ ആള്‍ക്കൂട്ട കൊലപാതകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

Content Highlights: Mob lynching, Cow Smuggling, Murder, Rajasthan, cow vigilantism