ഹൈദരാബാദ്: 40 കൊല്ലം പഴക്കമുള്ള ആര്യവേപ്പ് മുറിച്ചയാള്‍ക്ക്  60,000 രൂപ പിഴ ചുമത്തി വനംവകുപ്പ്. തെലങ്കാന വനംവകുപ്പാണ് സൈദാരാബാദ് സ്വദേശിയായ ജി. സന്തോഷ് റെഡ്ഡിയ്ക്ക് തിങ്കളാഴ്ച 60,075 രൂപ പിഴയിട്ടത്. 

തന്റെ വീട്ടുപരിസരത്തുണ്ടായിരുന്ന വന്‍മരം രാത്രിയോടെ കാണാതായതായി എട്ടാം ക്ലാസ് വിദ്യാര്‍ഥി വനംവകുപ്പിനെ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. വനംവകുപ്പിന്റെ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ചാണ് കുട്ടി വിവരമറിയിച്ചതെന്ന് ഹൈദരാബാദ് ജില്ലാ വനംവകുപ്പുദ്യോഗസ്ഥന്‍ എം. ജോജി പറഞ്ഞു. 

ഒരു ഗ്രീന്‍ ബ്രഗേഡിയറാണെന്നാണ് കുട്ടി തന്നെ പരിചയപ്പെടുത്തിയതെന്നും മരം മുറിച്ചയാള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും കുട്ടി ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. 

പുതിയ വീടിന്റെ നിര്‍മാണത്തിന് മരം തടസ്സമായതിനാലാണ് മുറിച്ചു മാറ്റിയതെന്ന് സന്തോഷ് റെഡ്ഡി അറിയിച്ചതായി വനംവകുപ്പ് വ്യക്തമാക്കി. തെളിവ് നശിപ്പിക്കാന്‍ മുറിച്ച മരത്തിന്റെ ശാഖകള്‍ രാത്രി തന്നെ കത്തിച്ചു കളയാന്‍ ഇയാള്‍ ശ്രമിച്ചതായും വനംവകുപ്പ് പറഞ്ഞു. 

വിവരമറിയിച്ച വിദ്യാര്‍ഥിയുടെ ഉത്തരവാദിത്വപൂര്‍ണമായ പ്രതികരണത്തെ വനംവകുപ്പ് അഭിനന്ദിച്ചു. രണ്ട് വിഭാഗങ്ങളായി വൃക്ഷങ്ങളെ തരം തിരിച്ചിട്ടുണ്ട്. ഇതില്‍ മുറിക്കാന്‍ അനുമതി നേടേണ്ട വിഭാഗത്തില്‍ പെടുന്ന മരമാണ് ആര്യവേപ്പ്. മരം മുറിച്ചു നീക്കുന്നതിനായി അധികൃതരില്‍ നിന്ന് മുന്‍കൂട്ടി അനുമതി തേടാത്തതിനാലാണ് സന്തോഷിന് ഇത്രയും തുക പിഴ ചുമത്തിയതെന്ന് വനംവകുപ്പ് വ്യക്തമാക്കി. 

 

Content Highlights: Man axes neem tree forest department asks him to pay Rs 62,000