ജയ്പുര്‍: രാജസ്ഥാനില്‍ ഗോസംരക്ഷകരുടെ ആക്രമണത്തിനിരയായ മുസ്ലിം യുവാവ് ആശുപത്രിയില്‍ മരിച്ചു. പെഹ്‌ലു ഖാന്‍ (35) എന്നയാളാണ് ആല്‍വാറിലെ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി മരണപ്പെട്ടത്. 

പശുക്കളെ കടത്തിയെന്ന് സംശയിച്ച് 15 പേര്‍ ചേര്‍ന്ന സംഘം പെഹ്‌ലു ഖാന്‍ അടക്കമുള്ളവരെ ആല്‍വാര്‍ ദേശീയപാതയില്‍ വെച്ച് രണ്ടു ദിവസം മുന്‍പ് ആക്രമിച്ചിരുന്നു. ആറ് വാഹനങ്ങളിലായി പശുക്കളെ കൊണ്ടുപോകുമ്പോഴാണ് ഇയാള്‍ ആക്രമണത്തിനിരയായതെന്ന് ജില്ലാ കളക്ടര്‍ മുക്താനന്ദ് അഗര്‍വാള്‍ പറഞ്ഞു. സംഭവത്തില്‍ ആക്രമണത്തിനിരയായ മറ്റുള്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

സംഭവവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്കെതിരെയും തിരിച്ചറിയാത്ത 200 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി. പ്രതികളില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 

ശനിയാഴ്ച രാത്രി ഗോസംരക്ഷകര്‍ ദേശീയ പാതയിലൂടെ കടന്നപോയ നിരവധി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും വാഹനത്തിലുള്ളവരെ ആക്രമിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.