ഹൈദരാബാദ്: പഞ്ചനക്ഷത്ര ഹോട്ടലില്‍ നൂറ് ദിവസത്തോളം താമസിച്ചതിന്റെ ബില്‍ അടയ്ക്കാതെ വ്യവസായി മുങ്ങി. 12.34 ലക്ഷം രൂപ അടയ്ക്കാതെയാണ് മുങ്ങിയത്‌. ഹൈദരബാദിലെ താജ് ബഞ്ചാര ഹോട്ടലിലാണ്‌ സംഭവം.
 
ഹോട്ടല്‍ അധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. വിശാഖപട്ടണം സ്വദേശിയായ എ ശങ്കര്‍ നാരായണനെതിരെയാണ് പോലീസ് കേസെടുത്തത്‌
 
ഹോട്ടലിലെ ലക്ഷ്വറി സ്യൂട്ടില്‍ 102 ദിവസം താമസിച്ചതിന് 25.96 ലക്ഷമായിരുന്നു ബില്‍ തുക. ഇതില്‍ 13.62 ലക്ഷം നല്‍കി. ബാക്കി തുക അടയ്ക്കാതെ ഇയാള്‍ കഴിഞ്ഞ ഏപ്രിലിലാണ് മുങ്ങിയത്‌.
 
ഹോട്ടല്‍ ജീവനക്കാര്‍ പിന്നീട് ഇയാളെ ബന്ധപ്പെട്ടപ്പോള്‍ ബാക്കി പണം ഉടന്‍ തന്നെ നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ വൈകാതെ ഇയാളുടെ മൊബൈലുകള്‍ സ്വിച്ച് ഓഫ് ആയി. തുടര്‍ന്ന് ഹോട്ടല്‍ മാനേജര്‍ ബഞ്ചാര ഹില്‍സ് പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. 
 
എന്നാല്‍ താന്‍ മുഴുവന്‍ ബില്ലും അടച്ചതിന് ശേഷമാണ് താന്‍ ഹോട്ടല്‍ വിട്ടതെന്നും ഹോട്ടല്‍ മാനേജ്‌മെന്റ് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നുമാണ് ശങ്കര്‍ നാരായണന്റെ ആരോപണം.
 
content highlights: Man Allegedly Flees Hyderabad Hotel Without Paying Rs. 12-Lakh Bill