മഹുവ മോയിത്ര, മമത ബാനർജി (ഫയൽ ചിത്രം) | ചിത്രം: PTI
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയിത്രയെ വേദിയിലിരുത്തി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പാര്‍ട്ടി നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. വ്യാഴാഴ്ച കൃഷ്ണനഗറില്‍ നടന്ന ഒരു പൊതുയോഗത്തിലായിരുന്നു മഹുവ മൊയിത്രയെ പേരെടുത്ത് പറഞ്ഞ് മമത വിമര്‍ശിച്ചത്. നാദിയ ജില്ലയിലെ പാര്‍ട്ടി അണികള്‍ക്കുള്ളില്‍ വളരുന്ന വിഭാഗീയതയിലാണ് മമത അതൃപ്തി പ്രകടിപ്പിച്ചത്.
''മഹുവാ, ഞാനൊരു കാര്യം വ്യക്തമായി പറയാം. ആര് ആര്‍ക്ക് എതിരാണെന്ന് എനിക്ക് അറിയേണ്ട കാര്യമില്ല, പക്ഷേ തിരഞ്ഞെടുപ്പ് വരുമ്പോള്‍, ആര് മത്സരിക്കണമെന്നും ആര് മത്സരിക്കണ്ടെന്നും പാര്‍ട്ടി തീരുമാനിക്കും. അതിനാല്‍ അതിന്റെ പേരില്‍ ഇവിടെ അഭിപ്രായവ്യത്യാസമുണ്ടാകരുത്.' സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഒരു അഡ്മിനിസ്‌ട്രേറ്റീവ് മീറ്റിംഗിനിടെയാണ് മമത ബാനര്‍ജി സ്വന്തം പാര്‍ട്ടിയിലെ എം.പിക്കെതിരെ വിമര്‍ശം ഉന്നയിച്ചത്.
ഒരേ വ്യക്തി എന്നെന്നേക്കും ഒരേ സ്ഥാനത്ത് തുടരുമെന്ന് കരുതേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ നാദിയ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അടുത്തിടെ നീക്കം ചെയ്യപ്പെട്ട മൊയിത്ര മമത ബാനര്‍ജിക്ക് തൊട്ടുപിന്നില്‍ വേദിയില്‍ ഇരിക്കുന്നുണ്ടായിരുന്നു. ടിഎംസി നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ അഴിമതി ആരോപിച്ച് പോസ്റ്ററുകള്‍ പതിക്കുന്നതിനെപ്പറ്റിയും മമത പരാമര്‍ശിച്ചു. പോലീസ് അന്വേഷണത്തില്‍ ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞതായും മമത ബാനര്‍ജി പറഞ്ഞു.
Content Highlights: mamta banerjee pulls up on mahua moitra in a public meeting
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..