കൊല്‍ക്കത്ത: 1999-ലെ കാണ്ഡഹാറിൽ ബന്ദികളാക്കപ്പെട്ട വിമാന യാത്രക്കാരുടെ മോചനത്തിന് പകരമായി തീവ്രവാദികളുടെ ബന്ദിയാവാന്‍ അന്നത്തെ കേന്ദ്ര മന്ത്രിയായിരുന്ന മമത ബാനര്‍ജി തയ്യാറായിരുന്നതായി  മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ. മമതയോടൊപ്പം മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ച നാളുകള്‍ ഓര്‍ത്തെടുത്ത സിന്‍ഹ തുടക്കം മുതലേ അവര്‍ ഒരു പോരാളിയായിരുന്നെന്നും ഓര്‍മിച്ചു. 2018ല്‍ ബി.ജെ.പി വിട്ട യശ്വന്ത് സിന്‍ഹ ഇന്ന് തൃണമൂലില്‍ ചേര്‍ന്നിരുന്നു.

1999-ല്‍ തീവ്രവാദികള്‍ ഇന്ത്യന്‍ വിമാനം കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയപ്പോള്‍ മന്ത്രിസഭയില്‍ യാത്രക്കാരുടെ മോചനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. യാത്രക്കാരെ മോചിപ്പിക്കുകയാണെങ്കില്‍ പകരമായി താന്‍ തീവ്രവാദികളുടെ ബന്ദിയാകാന്‍ തയ്യാറാണെന്ന് മന്ത്രിസഭയില്‍ മമത പ്രഖ്യാപിച്ചു. ആ ത്യാഗം ഏറ്റെടുക്കാന്‍ മമത അന്ന് തയ്യാറായിരുന്നുന്നെന്നും സിന്‍ഹ ഓര്‍ത്തു. തൃണമൂലില്‍ ചേരുന്നതിന് മുന്‍പായി സിന്‍ഹ കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തി മമതയുള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളെ കണ്ടിരുന്നു. 

വാജ്‌പയ് ഭരണകാലത്ത് ഞങ്ങള്‍ ഒന്നിച്ച് കേന്ദ്ര മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ചിരുന്നു. എനിക്കുറപ്പിച്ച് പറയാനാകും അന്നുമുതലേ അവരൊരു പോരാളിയായിരുന്നു. ഇന്നും അതിന് യാതൊരു മാറ്റവും വന്നിട്ടില്ല- സിന്‍ഹ പറഞ്ഞു.

കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ നടക്കുമ്പോള്‍ കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്നു മമത ബാനര്‍ജി. 1999-ല്‍ 180 യാത്രികരുമായി നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് തീവ്രവാദികള്‍ റാഞ്ചിയത്. പാകിസ്താനിലെ തീവ്രവാദി സംഘടനയായ ഹര്‍ക്കത്തുള്‍ മുജാഹിദ്ദീനായിരുന്നു ഇതിനു പിന്നില്‍.

വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതിനു ശേഷമായിരുന്നു റാഞ്ചല്‍. റാഞ്ചിയ വിമാനം ലാഹോര്‍, അമൃത്സര്‍, ദുബായ് എന്നിവിടങ്ങളില്‍ ഇറക്കിയ ശേഷം കണ്ഡഹാര്‍ വിമാനത്താവളത്തില്‍ ഇറക്കി. ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന മൂന്ന് തീവ്രവാദികളെ വിട്ടയച്ച ശേഷമാണ് ഏഴു ദിവസത്തെ റാഞ്ചല്‍ നാടകം അവസാനിച്ചത്.

Content Highlights: Mamataji Offered Self In Exchange For Kandahar Hostages says Yashwant Sinha