കൊല്‍ക്കത്ത: നന്ദിഗ്രാമിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. ഇടതു കണങ്കാലിന് പരിക്കേറ്റ മമതാ ബാനര്‍ജിയെ സിടി സ്‌കാന്‍ അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയയാക്കും. പ്രാഥമിക പരിശോധനയില്‍ ഇടത് കണങ്കാലിലും പാദത്തിലും ഗുരുതര പരിക്കുണ്ട്. വലതു തോളിനും കൈത്തണ്ടയിലും കഴുത്തിലും അവര്‍ക്ക് പരിക്കുകളുണ്ട്. 

മമതയുടെ ഇടതു കാലിന് താല്ക്കാലികമായി പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. ഇന്ന് രാവിലെ അവരുടെ രക്തപരിശോധനകളും പൂര്‍ത്തിയായി. ഇ.സി.ജി റിപ്പോര്‍ട്ടിലും പ്രശ്‌നങ്ങളില്ലെന്നാണ് വിവരം. സംഭവത്തിന്റെ ആഘാതത്തിലാണ് മമതയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 48 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വരും. സിടി സ്‌കാന്‍ അടക്കം കുറച്ച് പരിശോധനകള്‍ കൂടി ഇനിയും നടത്താനുണ്ടെന്നാണ് സൂചന. അതിന് ശേഷമാകും തുടര്‍ചികിത്സ നിശ്ചയിക്കുകയെന്നാണ് വിവരം. 

റെയാപരയില്‍ ഒരു ക്ഷേത്രത്തിനു പുറത്തുവെച്ചാണ് സംഭവം ഉണ്ടായത്. വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നാല്-അഞ്ച് പേര്‍ ചേര്‍ന്ന് തള്ളിയതായും കാറിന്റെ വാതില്‍ വലിച്ചടച്ചതായും മമത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കാറിന്റെ വാതില്‍ തട്ടി കാലിന് പരിക്കേറ്റതായും അവര്‍ വ്യക്തമാക്കി. സംഭവം നടക്കുമ്പോള്‍ സമീപത്ത് പോലീസുകാര്‍ ഇല്ലായിരുന്നെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അവര്‍ പറഞ്ഞു. നിലവില്‍ എസ്എസ്‌കെഎം ആശുപത്രിയിലാണ് മമത ഉള്ളത്. 

എന്നാല്‍, ആക്രമിക്കപ്പെട്ടതായുള്ള മമതയുടെ ആരോപണം നാടകമാണെന്ന് ബിജെപി ആരോപിച്ചു. മമതയെ ആക്രമിച്ചത് താലിബാന്‍ ആണോ എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അര്‍ജുന്‍ സിങ് പരിഹസിച്ചു. മമതയ്ക്ക് അകമ്പടിയായി വലിയ പോലീസ് സന്നാഹമുണ്ട്. ആര്‍ക്കാണ് അവരുടെഅടുത്ത് എത്തിച്ചേരാന്‍ കഴിയുക. സഹാനുഭൂതിക്കുവേണ്ടിയുള്ള നാടകമാണിതെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: Mamata Banerjee stable; doctors to conduct more tests