മുംബൈ: രാജ്യത്ത് യു.പി.എ സഖ്യം നിലവില്‍ ഇല്ലാതായെന്നും ബിജെപി ഫാസിസത്തെ തോല്‍പ്പിക്കാന്‍ പുതിയ കൂട്ടുകെട്ട് വേണമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മഹാരാഷ്ട്ര സന്ദര്‍ശനത്തിനിടെ ബുധനാഴ്ച മുംബൈയില്‍ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടുള്ള മമതയുടെ പ്രതികരണം.

ദേശീയതലത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി പുതിയൊരു സഖ്യമുണ്ടാക്കാനാണ് മമതയുടെ ശ്രമം. ഇതിന്റെ തുടര്‍ച്ചയായാണ് മമത മഹാരാഷ്ട്രയിലെത്തി എന്‍സിപി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഏകദേശം അരമണിക്കൂറോളം നീണ്ടു. തുടര്‍ന്ന് സംയുക്തമായാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്. 

മമതയുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും ബിജെപിക്കെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് പവാറും വ്യക്തമാക്കി. ബിജെപി വിരുദ്ധ മുന്നണിയെ ആരു നയിക്കുമെന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും പവാര്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസിനെതിരായ മമതയുടെ വിമര്‍ശനത്തിനുള്ള കൃത്യമായ മറുപടി പവാര്‍ നല്‍കിയില്ല. 

അതേസമയം, മമതയുടെ പ്രതികരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്തെത്തി. കോണ്‍ഗ്രസ് ഒപ്പമില്ലാതെ ബിജെപിയെ തോല്‍പ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതുവെറും സ്വപ്‌നം മാത്രമായിരിക്കുമെന്ന് വേണുഗോപാല്‍ വ്യക്തമാക്കി. 

Content Highlights: Mamata says 'there is no UPA now' after meet with Sharad Pawar