ന്യൂഡല്‍ഹി: ബിജെപിക്കെതിരേയുള്ള ബദല്‍ നീക്കങ്ങള്‍ ശക്തിപ്പെടുത്താന്‍ ദേശീയരാഷ്ട്രീയം ലക്ഷ്യമിട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഡല്‍ഹി സന്ദര്‍ശനം തിങ്കളാഴ്ച ആരംഭിക്കും. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പ്രതിപക്ഷത്തെ ഒരുമിപ്പിച്ചുനിര്‍ത്തി നേതൃതലത്തിലേക്ക് ഉയരുകയെന്ന രാഷ്ട്രീയ ലക്ഷ്യങ്ങളുമായെത്തുന്ന മമത വെള്ളിയാഴ്ചവരെ ഡല്‍ഹിയില്‍ തങ്ങും. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നിരയിലെ നേതാക്കളുമായി വെവ്വേറെയും കൂട്ടായും നടത്തുന്ന ചര്‍ച്ചകള്‍ മമതയുടെ പ്രധാന അജന്‍ഡയാണ്. 

ഇതില്‍ സോണിയയുമായുള്ള ചര്‍ച്ച ഏറെ നിര്‍ണായകമാണ്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച കോണ്‍ഗ്രസ്-തൃണമൂല്‍ സഹകരണത്തിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മമതയും സോണിയയും തമ്മിലുള്ള അടുപ്പവും ഇരുപാര്‍ട്ടികളും ബന്ധം ശക്തിപ്പെടുത്തുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. മുതിര്‍ന്നനേതാക്കളെ നേരില്‍ കാണുന്നത് കൂടാതെ ഡല്‍ഹി സന്ദര്‍ശനത്തിനിടയില്‍ മമത ബംഗ ഭവനില്‍ പ്രതിപക്ഷനേതാക്കളുടെ യോഗം വിളിക്കുന്നുണ്ട്.

പ്രതിപക്ഷ നേതാക്കള്‍ക്ക് പുറമേ സംസ്ഥാനത്തിന്റെ വികസനവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മമത കാണുന്നുണ്ട്. രാഷ്ട്രപതിയുമായും കൂടിക്കാഴ്ചയുണ്ടെന്ന് ടി.എം.സി. നേതാക്കള്‍ പറഞ്ഞു.

ബംഗാള്‍ മുഖ്യമന്ത്രിയായി മൂന്നാംവട്ടവും ചരിത്രവിജയം നേടിയ മമതാ ബാനര്‍ജിയുടെ അടുത്ത ലക്ഷ്യം ദേശീയരാഷ്ട്രീയമാണ്. ചിതറിനില്‍ക്കുന്ന പ്രതിപക്ഷത്തെ ഒന്നിച്ചുചേര്‍ത്ത് 2024-ലെ ലോക്സഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി.ക്ക് ബദല്‍ ഒരുക്കാന്‍ മുന്‍കൈയെടുക്കാനുള്ള ആത്മവിശ്വാസം മമതയ്ക്ക് നല്‍കിയത് ബംഗാള്‍ വിജയമാണ്. അംഗബലത്തില്‍ ലോക്സഭയില്‍ നാലാംസ്ഥാനമുള്ള ടി.എം.സി.യുടെ പാര്‍ലമെന്ററിപാര്‍ട്ടി നേതാവായി മമതയെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തത് മമതയുടെ ഡല്‍ഹി ലക്ഷ്യത്തിന്റെ ചുവടുപിടിച്ചാണ്. പാര്‍ലമെന്റംഗല്ലെങ്കിലും മമത പാര്‍ലമെന്ററിപാര്‍ട്ടി നേതാവാകുന്നതോടെ ദേശീയരാഷ്ട്രീയത്തിലെ ടി.എം.സി.യുടെ ഇടപെടലുകള്‍ക്ക് കൂടുതല്‍ സാധ്യത തുറക്കും.

2018 മുതല്‍തന്നെ ഡല്‍ഹി ലക്ഷ്യമിട്ട് ബി.ജെ.പി.ക്ക് ബദല്‍ സൃഷ്ടിക്കാന്‍ മമതാ ബാനര്‍ജി ശ്രമിക്കുന്നുണ്ടെങ്കിലും 2019-ലെ ലോക്സഭാതിരഞ്ഞെടുപ്പില്‍ ഏശിയില്ല. പൊതുമിനിമം പരിപാടി ആവിഷ്‌കരിച്ച് 2024-ലെ തിരഞ്ഞെടുപ്പിനെ യോജിച്ച് നേരിടാനുള്ള നീക്കമാണ് മമതയുടെ നേതൃത്വത്തില്‍ അണിയറയില്‍ ഒരുങ്ങുന്നത്. ബംഗാളില്‍ ടി.എം.സി.യെ വന്‍വിജയത്തിലെത്തിച്ച തിരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോറാണ് തിരശ്ശീലയ്ക്കുപിന്നില്‍.

പ്രശാന്തിന് പ്രതിപക്ഷനേതാക്കളായ ശരദ് പവാര്‍, രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, എം.കെ.സ്റ്റാലിന്‍, ജഗന്‍മോഹന്‍ റെഡ്ഡി തുടങ്ങിയവരുമായുള്ള ബന്ധം ഈ നീക്കത്തിന് ഇന്ധനമാണ്.

content highlights: Mamata's Likely Meet with Sonia in Delhi Could Thaw TMC-Congress Ties Hinting at a Political Future