കൊല്‍ക്കത്ത: നോട്ട് അസാധുവാക്കലിനെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന വാഗ്ദാനവുമായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷ സഖ്യം അധികാരത്തില്‍ വന്നാല്‍ നോട്ട് അസാധുവാക്കലിനെപ്പറ്റി അന്വേഷണം നടത്തുമെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് പാര്‍ട്ടി നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പറഞ്ഞു.

നീതി ആയോഗിന് പകരം പ്ലാനിങ് കമ്മീഷനെ തിരികെയെത്തിക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. നീതി ആയോഗ് ഒരു പ്രയോജനവും ഉണ്ടാക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു. ജി.എസ്.ടി. പുനഃപരിശോധിക്കും. ചരക്ക് - സേവന നികുതി ജനങ്ങള്‍ക്ക് ഉപകാരപ്രദമാണെങ്കില്‍ അത് നിലനിര്‍ത്തുമെന്നും അവര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.എസ്.എഫ് മുന്‍ ഡയറക്ടര്‍ ജനറല്‍ കെ.കെ ശര്‍മയെ പശ്ചിമ ബംഗാളിലെയും ജാര്‍ഖണ്ഡിലെയും പ്രത്യേക പോലീസ് ഒബ്‌സര്‍വറായി നിയോഗിച്ചതിനെയും മമത വിമര്‍ശിച്ചു. പോലീസ് ഓഫീസറായിരുന്ന കാലത്ത് ആര്‍.എസ്.എസ്സിന്റെ ചടങ്ങില്‍ യൂണിഫോം ധരിച്ച് പങ്കെടുത്തയാളാണ് അദ്ദേഹമെന്ന് മമത ആരോപിച്ചു.

Content Highlights: Mamata Banerjee, demonetisation, Trinamool Congress