കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരായ ആക്രമണം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ പ്രതിപക്ഷനിരയിൽ ഭിന്നത. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദല്‍ രാഹുല്‍ ഗാന്ധിയല്ലെന്നും അത് മമതാ ബാനര്‍ജിയാണെന്നും പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ മുഖപത്രമായ ജാഗോ ബംഗ്ലയില്‍ വെള്ളിയാഴ്ച ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച വിശകലനവാർത്തയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

പ്രതിപക്ഷ സഖ്യത്തിലെ അവിഭാജ്യ ഘടകമാണ് കോണ്‍ഗ്രസ് പാര്‍ട്ടി. പക്ഷേ, നിരവധി അവസരങ്ങൾ ലഭിച്ചിട്ടും മോദിക്ക് ബദലായി ഉയര്‍ന്നുവരാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചില്ല. മോദിക്ക് ബദലായി മമതാ ബാനര്‍ജിയെ ഉയര്‍ത്തിക്കാട്ടി കാമ്പയിൻ നടത്തണമെന്നും ലേഖനത്തില്‍ പറയുന്നു. തൃണമൂലിന്റെ മുതിര്‍ന്ന നേതാവും ലോക്‌സഭയിലെ കക്ഷിനേതാവുമായ സുധീപ് ബന്ദോപാധ്യായ ഒരു പാര്‍ട്ടി യോഗത്തില്‍ നടത്തിയ പ്രസംഗത്തെ പരാമര്‍ശിച്ചുകൊണ്ടാണ് ജാഗോ ബംഗ്ലയിലെ ലേഖനം.  

രാജ്യത്തിന് ഒരു ബദല്‍ ആവശ്യമാണെന്നും സുധീപ് ബന്ദോപാധ്യായെ ഉദ്ധരിച്ചുകൊണ്ട് പത്രം അഭിപ്രായപ്പെട്ടു. 'എനിക്ക് രാഹുല്‍ ഗാന്ധിയെ വര്‍ഷങ്ങളായി അറിയാം. പക്ഷേ അദ്ദേഹം മോദിക്ക് ബദലായി ഉയര്‍ന്നുവരുന്നതില്‍ പരാജയപ്പെട്ടുവെന്ന് പറയാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. രാജ്യത്തിന് മുഴുവന്‍ ഇപ്പോള്‍ മമതയെ ആവശ്യമാണ്. മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളോടും സംസാരിച്ച് മമതയെ ഒരു ബദലായി ഉയര്‍ത്തിക്കാട്ടണം.'-  ബന്ദോപാധ്യായ പറഞ്ഞു. 

ഈ മാസം 15ന് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലാണ് സുധീപ് ബന്ദോപാധ്യായ ഇക്കാര്യങ്ങള്‍ പറഞ്ഞത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അതാണ് പത്രത്തില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. അതില്‍ കൂടുതലൊന്നും പറയാനില്ലെന്നം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കാന്‍ ചില പാര്‍ട്ടികള്‍ വിമുഖത കാണിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ഇതിനെ ശരിവെയ്ക്കുന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലേഖനം. 

Content Highlights: Mamata, not Rahul, only alternative to Modi, says Trinamool