കൊല്‍ക്കത്ത: ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വാഹനവ്യൂഹം പശ്ചിമ ബംഗാളില്‍വച്ച് ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി നേതൃത്വത്തെ പരിഹസിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. നാടകമാണ് അരങ്ങേറിയതെന്ന് അവര്‍ ആരോപിച്ചു. മുതിര്‍ന്ന ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരും പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായി എത്തുന്നതിനെയും അവര്‍ വിമര്‍ശിച്ചു. 

'ഇവര്‍ക്ക് വേറെ ജോലിയൊന്നുമില്ലേ ? പലപ്പോലും കേന്ദ്ര ആഭ്യന്തരമന്ത്രി ഇവിടെയുണ്ടാവും. അല്ലെങ്കില്‍ ഛഡ്ഡയും, നഡ്ഡയും, ഫഡ്ഡയും, ഭഡ്ഡയുമെല്ലാം ഉണ്ടാവും. അവരുടെ യോഗങ്ങള്‍ക്ക് ആളെക്കിട്ടാതെ വരുമ്പോള്‍ പ്രവര്‍ത്തകരോട് ഇത്തരം നാടകങ്ങള്‍ കളിക്കാന്‍ നേതൃത്വം ആവശ്യപ്പെടും' - മമത പരിഹസിച്ചു. ബിജെപി പ്രവര്‍ത്തകര്‍ ആയുധമേന്തി ദിവസവും റാലി നടത്തുന്നു. സഹപ്രവര്‍ത്തകരെ തന്നെ ആക്രമിക്കുകയും അതിനെല്ലാം തൃണമൂല്‍ കോണ്‍ഗ്രസിനെ പഴിചാരുകയും ചെയ്യുന്നു. കര്‍ഷക സമരം അടക്കമുള്ളവയില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം നാടകങ്ങള്‍ നടത്തുന്നത്. വാഹനം ആക്രമിക്കപ്പെട്ടപ്പോള്‍ ബിജെപി നേതാക്കള്‍ അതിനുള്ളിലിരുന്ന് മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തുകയായിരുന്നു. ആക്രമണം നടക്കുമെന്ന് അവര്‍ക്ക് മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടിയെന്നും മമത ആരോപിച്ചു. 

ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ, നേതാക്കളായ മുകുള്‍ റോയ്, ദിലീപ് ഘോഷ്, കൈലാഷ് വിജയ്‌വര്‍ഗിയ എന്നിവരുടെ വാഹന വ്യൂഹത്തിനു നേരെയാണ് സൗത്ത് 24 പര്‍ഗനാസ് ജില്ലയില്‍വച്ച് ആക്രമണമുണ്ടായത്. പല വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. 

നഡ്ഡയുടെ വാഹനം ബുള്ളറ്റ് പ്രൂഫ് ആയിരുന്നതിനാല്‍ അദ്ദേഹത്തിന് പരിക്കേറ്റില്ല. പിന്നീട് നേതാക്കള്‍ കനത്ത സുരക്ഷയോടെ പൊതുസമ്മേളന വേദിയിലെത്തി. ടി.എംസി ഗുണ്ടകളാണ് തങ്ങളെ ആക്രമിച്ചതെന്ന് കൈലാഷ് വിജയ്‌വര്‍ഗിയ ആരോപിച്ചു. തന്റെ വലതു കൈക്ക് പരിക്കേറ്റുവെന്നും തൃണമൂല്‍ കോണ്‍ഗ്രസിന് ജനം കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: Mamata mocks BJP chief after convoy attack row