കൊല്‍ക്കത്ത: ന്യൂഡല്‍ഹിയിലെ ബംഗാ ഭവനില്‍ പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കാനൊരുങ്ങി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം. ജൂലായ് 28 ന് വൈകിട്ട് മൂന്നിന് യോഗം ചേരാനാണ് ആലോചിക്കുന്നത് എന്നാണ് സൂചന. അന്നു തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അവര്‍ കൂടിക്കാഴ്ച നടത്തുന്നത്.

പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളുടെ ഒരു യോഗം 21 ന് അവര്‍ വിളിച്ചുചേര്‍ത്തിരുന്നു. എന്‍സിപി നേതാവ് ശരദ് പവാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. തൊട്ടുപിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും ഡല്‍ഹിയിലെത്തി. പ്രതിപക്ഷ ഐക്യം യാഥാര്‍ഥ്യമാക്കുന്നതില്‍ ഇരുവരും സുപ്രധാന പങ്ക് വഹിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂലായ് 21 ന് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന യോഗത്തില്‍ പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്നാണ് തൃണമൂല്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കോവിഡ് നിയന്ത്രണ വിധേയമായാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ എന്നിവര്‍ അടക്കമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ഡല്‍ഹിയില്‍ റാലി നടത്തുമെന്നും മമത യോഗത്തില്‍ പ്രഖ്യാപിച്ചു. 21 ന് നടന്ന യോഗത്തില്‍ പവാറിനും ചിദംബരത്തിനും പുറമെ സുപ്രിയ സുലെ (എന്‍സിപി), ദിഗ്‌വിജയ് സിങ് (കോണ്‍ഗ്രസ്), രാം ഗോപാല്‍ യാദവ്, ജയാ ബച്ചന്‍ (എസ്പി), തിരുച്ചി ശിവ (ഡിഎംകെ), കേശവ റാവു (ടിആര്‍എസ്), സഞ്ജയ് സിങ് (എഎപി), മനോജ് ഝാ (ആര്‍ജെഡി), പ്രിയങ്ക ചതുര്‍വേദി (ശിവസേന) തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഈ പാര്‍ട്ടികളുടെയെല്ലാം മുതിര്‍ന്ന നേതാക്കള്‍ ബംഗാ ഭവനില്‍ മമത വിളിച്ചു ചേര്‍ക്കുന്ന യോഗത്തിലും പങ്കെടുക്കേത്തും.

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാഹുല്‍ ഗാന്ധിയും ശരദ് പവാറും അടക്കമുള്ള നേതാക്കളുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ജൂലായ് 21 ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇനി ഒരു ദിവസം പോലും പാഴാക്കാനില്ലെന്ന് മമത പ്രതിപക്ഷത്തെ നേതാക്കളോട് പറഞ്ഞിരുന്നു. വ്യക്തിപരമായ താത്പര്യങ്ങള്‍ മാറ്റിവച്ച് രാജ്യതാത്പര്യത്തിനുവേണ്ടി ഒന്നിക്കണം. ഒന്നിച്ചു നിന്ന് ഒരു മുന്നണി ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ ഒരുകാലത്തും നമ്മോട് പൊറുക്കില്ലെന്നും മമത പറഞ്ഞിരുന്നു.

ജൂണ്‍ 22 ന് മുന്‍ കേന്ദ്രമന്ത്രിയും തൃണമമൂല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ യശ്വന്ത് സിന്‍ഹ പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ ആയിരുന്നു യോഗം. യോഗത്തില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നാണ് പിന്നീട് നേതാക്കള്‍ അവകാശപ്പെട്ടത്.

 

 

Content Highlights: Mamata lines up opposition meet at Delhi Banga Bhavan