കൊല്‍ക്കത്ത: കാര്‍ഷിക ബില്ലുകള്‍ക്കെതിരേ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ ആവര്‍ത്തിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബില്ലുകള്‍ എത്രയും വേഗം പിന്‍വലിക്കണമെന്ന് മമത ആവശ്യപ്പെട്ടു. കര്‍ഷക വിരുദ്ധ ബില്ലുകള്‍ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ ദേശീയ തലത്തില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു. 

" കര്‍ഷകരേയും അവരുടെ ജീവിതത്തെയും ഉപജീവനത്തെയും കുറിച്ച് എനിക്ക് വളരെയധികം ആശങ്കകളുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകവിരുദ്ധ ബില്ലുകള്‍ ഉടന്‍ പിന്‍വലിക്കണം. ഇല്ലെങ്കില്‍ സംസ്ഥാനത്തും രാജ്യത്തുടനീളവും ഞങ്ങള്‍ പ്രക്ഷോഭം നടത്തും. തുടക്കം മുതല്‍ കര്‍ഷക വിരുദ്ധ ബില്ലുകളെ ഞങ്ങള്‍ ശക്തമായി എതിര്‍ത്തിരുന്നു." - അവര്‍ ട്വിറ്ററില്‍ കുറിച്ചു. 

നേരത്തെയും കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ മമത ബാനര്‍ജി ക്ഷണം ലഭിച്ചാല്‍ ന്യൂഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കുചേരുമെന്ന് പറഞ്ഞിരുന്നു. ഓഹരി വിറ്റഴിക്കലും സ്വകാര്യവല്‍ക്കരണ നയവും പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്ന ബിജെപി ദേശീയ ആസ്തികള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വിനിയോഗിക്കുന്നുവെന്നും അവർ കുറ്റപ്പെടുത്തി.

Content Highlights: Mamata demands immediate withdrawal of farm bills, warns of nationwide movement