Image tweeted by PMO India(File image)
കൊല്‍ക്കത്ത: യാസ് ചുഴലിക്കൊടുങ്കാറ്റ് വിതച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കില്ല. ഇന്ന് മിഡ്‌നാപുരിലെ കലായികുണ്ടയിലാണ് യോഗം നടക്കുക.
ഇന്ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. കലായികുണ്ടയിലേക്ക് 45 മിനുട്ട് ദൂരമുണ്ട്. എത്തിച്ചേരാന്‍ സാധിക്കില്ല, യാസ് ചുഴലിക്കാറ്റിലുണ്ടായ നഷ്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും അത് പ്രധാനമന്ത്രിക്ക് കൈമാറുമെന്നും മമത പ്രതികരിച്ചു.
അതേസമയം യോഗത്തിന് ശേഷം പ്രധാനമന്ത്രിയുമായി മമത ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്തുമെന്നാണ് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ഇന്നത്തെ യോഗത്തില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയും, സംസ്ഥാന ജലവകുപ്പ് മന്ത്രി സൗമെന്‍ മഹാപത്രയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും പങ്കെടുക്കും.
ഇന്നത്തെ യോഗത്തില്‍ മമത പങ്കെടുക്കാത്തത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ വിമര്‍ശിക്കുന്നത്. യാസ് വിതച്ച നഷ്ടങ്ങള്‍ വിശകലനം ചെയ്യാനുള്ള യോഗത്തില്‍പോലും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് മമത പങ്കെടുക്കുന്നില്ലെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
യാസ് ചുഴലിക്കൊടുങ്കാറ്റ് നാശനഷ്ടം വിതച്ച ബംഗാളില്‍ പ്രധാനമന്ത്രി ആകാശനിരീക്ഷണം നടത്തിയിരുന്നു. സംസ്ഥാനത്ത് അഞ്ച് പേരാണ് കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും അപകടത്തിലും മരിച്ചത്.
Content Highlights: Mamata Banerjee to Skip Review Meeting of Cyclone Yaas with PM Modi, BJP Calls it 'Petty Politics'
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..