കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് സംഭവിച്ചത് അപകടമാണെന്നും ആക്രമണമുണ്ടായതിന് തെളിവില്ലെന്നും പ്രത്യേക നിരീക്ഷകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. ആക്രമണത്തിലാണ് മമതയ്ക്ക് പരിക്കേറ്റതെന്ന വാദം റിപ്പോര്‍ട്ടില്‍ തള്ളികളഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പ്രത്യേക നിരീക്ഷകരായ വിവേക് ദുബെ, അജയ് നായിക് എന്നിവരില്‍ നിന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്. 

മമതയ്ക്ക് നേരെ ആക്രമണമുണ്ടായതിന് തെളിവില്ലെന്ന് വ്യക്തമാക്കിയ പ്രത്യേക നിരീക്ഷകര്‍ സംഭവം നടക്കുമ്പോള്‍ മമത പോലീസിന് നടുവിലായിരുന്നുവെന്നും വ്യക്തമാക്കി. വിഷയത്തില്‍ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ നേരത്തെ നല്‍കിയ റിപ്പോര്‍ട്ടില്‍ അതൃപ്തി പ്രകടിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പ്രത്യേക നിരീക്ഷകരായ വിവേക് ദുബെ, അജയ് നായക് എന്നിവര്‍ ബംഗാളിലെ നന്ദിഗ്രാമിലെ അപകട സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. 

നേരത്തെ മമതയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ആഴത്തിലുള്ള ഗൂഢാലോചനയുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് തൃണമൂല്‍ നേതാക്കളുടെ ആറംഗ സംഘം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ആക്രമണം യാദൃശ്ചികമല്ലെന്നും മുഖ്യമന്ത്രിയെ വകവരുത്താന്‍ നടന്ന ഗൂഢാചോനയുടെ ഭാഗമാണെന്നതിന് യാതൊരു സംശവുമില്ലെന്നും ഇതിന് പിന്നില്‍ ബിജെപിയാണെന്നും അവര്‍ ആരോപിച്ചു. 

ബുധനാഴ്ചയാണ് നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ഉന്തിലും തള്ളിലും മമതയ്ക്ക് വീണ് പരിക്കേറ്റത്. നാലഞ്ചുപേര്‍ ചേര്‍ന്ന് തന്നെ മനഃപൂര്‍വം തള്ളിയിട്ടതാണെന്നാണ് മമത ആരോപിച്ചിരുന്നത്. ഇടതുകാലിനും തോളിനും കൈത്തണ്ടയ്ക്കും കഴുത്തിനും പരിക്കേറ്റ മമത ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടിരുന്നു.

Content Highlights: Mamata Banerjee's injury accidental, no evidence of attack, Observers in report to EC