ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലെത്താതെ തടയുകയാണ് മമത സര്‍ക്കാരെന്ന് മോദി ആരോപിച്ചു. പിഎം കിസാന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എഴുപത് ലക്ഷം കര്‍ഷകര്‍ക്ക് ലഭിക്കേണ്ട തുക മമത സര്‍ക്കാര്‍ നിഷേധിച്ചതായി അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനിലൂടെ രാജ്യത്തെ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

"മമത ബാനര്‍ജിയുടെ 'പ്രത്യയശാസ്ത്രം' ബംഗാളിനെ നശിപ്പിച്ചു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ലഭിക്കേണ്ട ആറായിരം രൂപ രാഷ്ട്രീയ അജണ്ടകളുടെ പേരില്‍ തടയുകയാണ് മമത ചെയ്തത്. മമത ബാനര്‍ജിയുടെ 15 വര്‍ഷം മുന്‍പത്തെ പ്രസംഗം കേട്ടാല്‍ അവര്‍ എത്രമാത്രം ബംഗാളിനെ നശിപ്പിച്ചെന്ന് മനസ്സിലാകും", മോദി പറഞ്ഞു.

അവര്‍ നടത്തുന്ന സ്വാര്‍ഥതയുടെ രാഷ്ട്രീയം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പശ്ചിമബംഗാളിലെ കര്‍ഷകര്‍ക്കുവേണ്ടി ഒന്നും പറയാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍, കര്‍ഷകരുടെ പേരുപറഞ്ഞ് ഡല്‍ഹിയിലെ ജനങ്ങളെ പ്രയാസപ്പെടുത്തുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ നശിപ്പിക്കുന്നതിനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും മോദി ആരോപിച്ചു.

കര്‍ഷകരെ ചില നേതാക്കള്‍ രാഷ്ട്രീയ നേട്ടത്തിനായി വഴിതെറ്റിക്കുകയാണ്. കര്‍ഷകരുമായി തുറന്നമനസ്സോടെയാണ് ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുന്നത്. കര്‍ഷ സമരത്തിന്റെ മറവില്‍ ഗൂഢശക്തികള്‍ പ്രവര്‍ത്തിക്കുന്നു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേരളത്തിലെ സിപിഎം അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികളെ കടന്നാക്രമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി കര്‍ഷകരോട് സംസാരിച്ചത്.

Content Highlights: Mamata Banerjee's Ideology Destroyed Bengal- PM Modi Attack Over Farmers