കൊല്‍ക്കത്ത: ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറും തൃണമൂല്‍ സര്‍ക്കാരും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമാകുന്നു. താന്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ നയിക്കുന്ന ആളാണെന്നും താങ്കള്‍ നാമനിര്‍ദേശത്തിലൂടെ എത്തിയതാണെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഗവര്‍ണര്‍ക്ക് കഴിഞ്ഞ ദിവസം കത്തയച്ചു. 

'താങ്കളുടെ കത്തുകളുടേയും സന്ദേശങ്ങളുടേയും സ്വരവും ഭാഷയും പാര്‍ലമെന്ററി ചട്ടങ്ങള്‍ക്ക് വിരുദ്ധവും എന്റെ ഓഫീസിനെ അപമാനിക്കുന്നതുമാണ്. 'ഞാന്‍ ഒരു  ഇന്ത്യന്‍ സംസ്ഥാനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്ന കാര്യം നിങ്ങള്‍ മറന്നതായി തോന്നുന്നു. നിങ്ങള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഗവര്‍ണറാണെന്നും നിങ്ങള്‍ മറന്നതായി തോന്നുന്നു' അഞ്ചു പേജുള്ള കത്തില്‍ മമത വിവരിച്ചു.

ഗവര്‍ണറുടെ സന്ദേശവും മമത ഈ കത്തിനൊപ്പം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറുടെ അധികാരം സംബന്ധിച്ച് ഭരണഘടന പറയുന്ന കാര്യങ്ങളും അവര്‍ കത്തില്‍ വിവരിച്ചു. ആരാണ് ഭരണഘടനയെ കീറിമുറിക്കുന്നതെന്ന് ഇന്ത്യയിലേയും ബംഗാളിലേയും ജനങ്ങള്‍ അറിയട്ടെയെന്നും മമത കൂട്ടിച്ചേര്‍ത്തു.

'നിങ്ങള്‍ എന്നെയും, എന്റെ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ആക്രമിക്കുന്നു. നിങ്ങളുടെ സ്വരവും  ഭാഷയും പാര്‍ലമെന്ററി അല്ല. ഗവര്‍ണര്‍ പതിവായി പത്രസമ്മേളനങ്ങള്‍ നടത്തുന്നതിലും ബംഗാള്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. 

ഭരണകാര്യങ്ങളില്‍ ആവര്‍ത്തിച്ച് ഇടപെടുന്നുണ്ട്‌. മര്യാദയും ഭരണഘടനാ അതിരുകളും അതിക്രമിച്ച് കടന്നിരിക്കുന്നുവെന്നും മമത കത്തില്‍ എഴുതി. അതേ സമയം ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ ഇതിനോട് പരസ്യമായി പ്രതികരിച്ചിട്ടില്ല. 

കോവിഡുമായി ബന്ധപ്പെട്ട് രണ്ട് കേന്ദ്ര സംഘങ്ങളെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കല്ലെറിഞ്ഞുവെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബംഗാള്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമായത്.

Content Highlights: Mamata Banerjee Reminds Bengal Governor He Is "Nominated"