ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ശൂര്‍പ്പണഖ എന്ന് വിശേഷിപ്പിച്ച് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ. ബിജെപി നേതാക്കളോട് വിവാദ പ്രസ്താവനകളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി താക്കീത് നല്‍കിയതിനു പിന്നാലെയാണ് യുപി എംഎല്‍എ സുരേന്ദ്ര സിങ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.

പശ്ചിമബംഗാളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ മമത ബാനര്‍ജി നടപടികളൊന്നും സ്വകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എയുടെ വിമര്‍ശനം. ശൂര്‍പ്പണഖയെപ്പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. ഇത്തരം നേതാക്കള്‍ നാടിന് നല്ലതല്ല. ജമ്മു കശ്മീരിലേതിന് സമാനമായ സ്ഥിതിയാണ് പശ്ചിമബംഗാളിലുള്ളതെന്നും ഹിന്ദുക്കള്‍ക്ക് നാടുവിട്ടുപോകേണ്ട സ്ഥിതിയാണുള്ളതെന്നും സുരേന്ദ്ര സിങ് പറയുന്നു.കോണ്‍ഗ്രസ് രാവണനെപ്പോലെയാണ് പെരുമാറുന്നതെന്നും  സുരേന്ദ്ര സിങ് ആരോപിച്ചു. 

ഹിന്ദുക്കളെ ഉപദ്രവിക്കുന്നതിന് ബംഗ്ലാദേശില്‍നിന്ന് തീവ്രവാദികള്‍ പശ്ചിമബംഗാളിലൂടെ ഇന്ത്യയിലേക്ക് കടക്കുകയാണ്. ഭാഗ്യത്തിന് നമുക്ക് മോദിജിയെപ്പോലുള്ള ഒരു നേതാവുള്ളതുകൊണ്ട് വിദേശീയമായ എല്ലാറ്റിനെയും ബംഗാളില്‍നിന്ന് പുറത്താക്കാന്‍ അദ്ദേഹത്തിന് കഴിയും- സുരേന്ദ്ര സിങ് പറഞ്ഞു.

ഇതിനു മുന്‍പും വര്‍ഗീയത നിറഞ്ഞ പ്രകോപന പ്രസംഗങ്ങള്‍ സുരേന്ദ്ര സിങ് നടത്തിയിട്ടുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇസ്ലാമും ഭഗവത് ഗീതയും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കുമെന്ന് ഏതാനും ദിവസം മുന്‍പ് അദ്ദേഹം പ്രസ്താവിച്ചിരുന്നു. ഉന്നാവ് ബലാല്‍സംഗത്തെ നിസാരവത്കരിച്ച് ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് നടത്തിയ പരാമര്‍ശത്തെ പിന്തുണച്ചുകൊണ്ടും സുരേന്ദ്രസിങ് രംഗത്തെത്തിയിരുന്നു. ഭാരത് മാതാ കി ജയ് എന്ന് മന്ത്രിക്കാത്തവര്‍ പാക്കിസ്താനികളാണെന്ന സുരേന്ദ്ര സിങ്ങിന്റെ പ്രസ്താവനയും വിവാദമായിരുന്നു.

Content highlights: Mamata Banerjee, Surpanakha, UP BJP MLA, Surendra Singh