ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ മഹാറാലിയില്‍ സംസാരിക്കാനായി എത്തിയ പ്രതിപക്ഷ നേതാക്കന്‍മാരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സ്വീകരിച്ചത് ഏറ്റവും ഹൃദ്യമായി. ഇവര്‍ക്കായി ഏറ്റവും മികച്ച വിഭവങ്ങള്‍ ഒരുക്കി അവ നേരിട്ട് വിളമ്പി നല്‍കിയാണ് മമത തന്റെ ആഥിത്യ മര്യാദ കാണിച്ചത്. വിരുന്നില്‍ മമത ഭക്ഷണം വിളമ്പുന്ന ചിത്രങ്ങള്‍ക്ക് വലിയ പ്രശംസയും ലഭിച്ചു.
ബീഹാറി വിഭവമായ ലിറ്റി ചോഖ, ദക്ഷിണേന്ത്യന്‍ വിഭവമായ മസാല ദോശ, ബംഗാളി സ്‌പെഷല്‍ മീന്‍ ഫ്രൈ, ലുചി ആലും ടം, ചിക്കന്‍ ടിക്ക, ഗുവാബ് ജാം, സ്‌പെഷ്യല്‍ ഡാര്‍ജലിങ് ചായ എന്നിവയാണ് മമത പ്രതിപക്ഷ നേതാാക്കന്മാര്‍ക്കായി ഒരുക്കിയത്. പ്രതിപക്ഷ നേതാക്കന്മാര്‍ക്കിടയിലെ ഇളമുറക്കാരായ തേജസ്വി യാദവിനും ഹാര്‍ദിക്ക് പട്ടേലിലും മമത ഭക്ഷണം വിളമ്പി കൊടുക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
കൊല്‍ക്കത്ത ബ്രിഗേഡ് ഗ്രൗണ്ടിലെ മഹാറാലിക്ക് ശേഷമായിരുന്നു മമത നേതാക്കന്മാര്‍ക്ക് വിരുന്നൊരുക്കിയത്. കോണ്‍ഗ്രസ്. സമാജ്വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, ആര്‍.ജെ.ഡി, ഡി.എം.കെ, എ.എ.പി എന്നീ പാര്‍ട്ടിയിലെ നേതാക്കന്മാരാണ് റാലിയിലും വിരുന്നിലും പങ്കെടുത്തത്. തേജസ്വി യാദവിന്റെ രാഷ്ട്രീയ ഉപദേശകനായി അവകാശപ്പെടുന്ന സഞ്ജയ് യാദവാണ് ഫോട്ടോകള്‍ പുറത്തുവിട്ടിരിക്കുന്നത്.
മുന്‍ പ്രധാനമന്ത്രി ദേവഗൗഢ, എന്‍.സി.പി നേതാവ് ശരത് പവര്‍, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാള്‍, ഫറൂഖ് അബ്ദുള്ള, എം.കെ സ്റ്റാലിന്‍ എന്നീ പ്രമുഖ പ്രതിപക്ഷ നേതാക്കന്മാര്‍ റാലിയില്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുത്തെങ്കിലും രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും വിട്ടുനിന്നു. ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ കടുത്ത വിമര്‍ശനമാണ് റാലിയില്‍ പങ്കെടുത്ത നോതാക്കന്മാര്‍ ഉന്നയിച്ചത്.