കൊല്‍ക്കത്ത: പ്രശാന്ത് കിഷോറുമായി താന്‍ നടത്തിയ കൂടിക്കാഴ്ചകള്‍ പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ചെന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 

'തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും മറ്റുചിലരുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അത് നിരീക്ഷിച്ചു. പ്രശാന്ത് കിഷോറിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ നടത്തിയ ഒരു യോഗം സര്‍ക്കാര്‍ പെഗാസസ് സ്പൈവെയര്‍ ഉപയോഗിച്ച് നിരീക്ഷിച്ചതായി കണ്ടെത്തി' - വാര്‍ത്താ സമ്മേളത്തില്‍ മമത ആരോപിച്ചു.

രണ്ട് കേന്ദ്ര മന്ത്രിമാരും 40 മാധ്യമ പ്രവര്‍ത്തകരും പ്രതിപക്ഷത്തെ മൂന്നു നേതാക്കളും ഉള്‍പ്പടെ മുന്നൂറോളം പേരുടെ ഫോണുകള്‍ പെഗാസസ് സ്പൈവെയര്‍ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ചെന്ന വാര്‍ത്ത ഞായറാഴ്ചയാണ് പുറത്തുവന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളത്തിന്റെ ആദ്യദിവസം പ്രതിപക്ഷം വിഷയം സഭയില്‍ അവതരിപ്പിച്ചു.

ആരോപണം നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് നിയമ വിരുദ്ധമായ നിരീക്ഷണം നടത്താന്‍ കഴിയില്ലെന്നു വ്യക്തമാക്കി. ഇന്ത്യന്‍ ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് ആരോപണങ്ങളെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു.

Content Highlights: Mamata Banerjee on  Pegasus Spyware row Modi Govt Prashant Kishor