ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷ നല്‍കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ബുധനാഴ്ച ന്യൂഡല്‍ഹിയിലെ 10 ജന്‍പതില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ തോല്‍പിക്കുന്നതിനുള്ള പ്രതിപക്ഷത്തിന്റെ ദീര്‍ഘകാല പദ്ധതികള്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്. 

മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷമുള്ള മമതയുടെ ആദ്യ ന്യൂഡല്‍ഹി സന്ദര്‍ശനമാണിത്. അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അവര്‍ ഒട്ടേറെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 

പെഗാസസ് വിഷയത്തില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ നേതൃത്വത്തില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ മമത പങ്കെടുത്തിരുന്നില്ല. എന്നാല്‍, ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിപക്ഷ സമരങ്ങള്‍ക്കു മുന്‍പന്തിയില്‍ തന്നെ തന്റെ പാര്‍ട്ടിയുണ്ടാകുമെന്ന് മമതാ ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. സമരത്തിനു ആരു നേതൃത്വം നല്‍കുമെന്ന മാധ്യമപ്രവർത്തകുരുടെ ചോദ്യത്തിനു താന്‍ ജ്യോതിഷി അല്ലെന്ന് അവര്‍ മറുപടി നല്‍കി.

'നേതാവായി ആരെങ്കിലും മുന്നോട്ടുവരും ഞാന്‍ പിന്തുണയ്ക്കും. ഞാന്‍ ഒരു സാധാരണ പ്രവര്‍ത്തകയാണ്. അത് അങ്ങനെ തന്നെ തുടരും', പത്രസമ്മേളനത്തിൽ അവര്‍ കൂട്ടിച്ചേര്‍ത്തു. 'പ്രതിപക്ഷത്തുള്ള എല്ലാ പാര്‍ട്ടികളും ഒന്നിച്ചു പ്രവര്‍ത്തിക്കണം', അവര്‍ പറഞ്ഞു. 
 
'പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞതിനുശേഷം വിഷയത്തില്‍ ചര്‍ച്ചയുണ്ടാകും. ഒന്നിച്ചുനിന്നു പ്രവര്‍ത്തിക്കാന്‍ ഒരു വേദിയുമുണ്ടാകും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും കൂടിക്കാഴ്ച നടത്തും. ലാലു പ്രസാദ് യാദവുമായി ഫോണില്‍ സംസാരിച്ചിരുന്നു. എല്ലാ പാര്‍ട്ടിനേതാക്കളുമായും ചര്‍ച്ച നടത്തും', മമത കൂട്ടിച്ചേര്‍ത്തു. 

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി.യും മമതയുടെ സഹോദരപുത്രനുമായ അഭിഷേക് ബാനര്‍ജിയുടെ ഫോണും പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് ചോർത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. തന്റെ ഫോണ്‍ വിവരങ്ങളും ചോര്‍ത്തിയതായും തനിക്കാരുമായും സംസാരിക്കാന്‍ കഴിയുന്നില്ലെന്നും മമത നേരത്തെ വെളിപ്പെടുത്തിയിരുന്നു. 

പെഗാസസില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും അഭിഷേക് ബാനര്‍ജിയുമായോ പ്രശാന്ത് കിഷോറുമായോ സംസാരിക്കുമ്പോള്‍ തന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തപ്പെടുന്നുണ്ടെന്നും, ഒരു ഫോണ്‍ ചോര്‍ത്തപ്പെടുമ്പോള്‍ എല്ലാവരുടെയും ഫോണുകള്‍ ചോര്‍ത്തപ്പെടുന്ന അവസ്ഥയാണുള്ളതെന്നും മമത ബുധനാഴ്ച ആവര്‍ത്തിച്ചിരുന്നു. 
 
Content Highlights: Mamata Banerjee met Soniya Ghandhi at 10 Janpat