മമതാ ബാനർജി| Photo: PTI
കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കവെ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് കേന്ദ്രത്തിനെതിരെ മമതയുടെ രൂക്ഷ വിമര്‍ശനം.
വരാനിരിക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് പശ്ചിമ ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് പക്ഷപാതപരമായ സമീപനം ഉണ്ടെന്ന് മമത ആരോപിച്ചു. 'എന്തുകൊണ്ടാണ് ബംഗാളിനോട് ഇത്ര അലര്‍ജി? നിങ്ങള്‍ ബംഗാള്‍ ടാബ്ലോ നിരസിച്ചു... ഞങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയതിനാലാണ് നിങ്ങള്‍ (ഡല്‍ഹിയില്‍) നേതാജിയുടെ പ്രതിമ നിര്‍മ്മിക്കുന്നത്,' മമത പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ സംസ്ഥാനത്തിന്റെ പങ്കില്‍ അഭിമാനമുണ്ട്. ബംഗാള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ലെന്നും ഈ വസ്തുതയില്‍ താന്‍ അഭിമാനിക്കുന്നുവെന്നും മമത ബാനര്‍ജി പറഞ്ഞു. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ദേശീയ അവധി ദിനമായി അനുസ്മരിക്കാന്‍ ബാനര്‍ജി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
സുഭാഷ് ചന്ദ്ര ബോസ് 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ വിയോഗത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇതുവരെ കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. 1945-ല്‍ ബോസിന്റെ തിരോധാനം സംബന്ധിച്ച ഫയലുകള്‍ കേന്ദ്രം വെളിപ്പെടുത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ജപ്പാനിലെ ഒരു ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന, ഒരു സ്വാതന്ത്ര്യ സമര സേനാനിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന ചിതാഭസ്മം ഡിഎന്‍എ വിശകലനത്തിന് അയയ്ക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
Content Highlights: mamata banerjee lashes out at central government on the occasion of birth anniversary of bose
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..