കൊല്‍ക്കത്ത: നൊബേല്‍ സമ്മാനമൊഴികെ മറ്റെല്ലാം മുഖ്യമന്ത്രി മമതാ ബാനര്‍ജി നല്‍കിയിട്ടും രാജ്യസഭാംഗത്വം രാജി വെച്ച ദിനേശ് ത്രിവേദി വഞ്ചകനാണെന്ന് തൃണമുല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മദന്‍ മിത്ര. അംഗത്വം രാജി വെക്കുന്നതായി തികച്ചും അപ്രതീക്ഷിതമായി ദിനേശ് ത്രിവേദി  വെള്ളിയാഴ്ച രാജ്യസഭയില്‍ നടത്തിയ പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു മദന്‍ മിത്ര. 

മുന്‍ റെയില്‍വെ മന്ത്രിയായ ദിനേശ് ത്രിവേദി ലോക് സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും മമത ബാനര്‍ജി ദിനേശ് ത്രിവേദിയെ തൃണമുല്‍ എംപിയായി രാജ്യസഭയിലേക്കയക്കുകയായിരുന്നുവെന്നും മദന്‍ മിത്ര സൂചിപ്പിച്ചു. മറ്റു ചില പ്രമുഖര്‍ കൂടി പാര്‍ട്ടി വിട്ടു പോകാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ തൃണമുലിനെ അതൊന്നും ബാധിക്കാനിടയില്ലെന്നും മദന്‍ മിത്ര കൂട്ടിച്ചേര്‍ത്തു. 

പശ്ചിമബംഗാളില്‍ അരങ്ങേറുന്ന അക്രമസംഭവങ്ങള്‍ തടയാന്‍ തനിക്കൊന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നും രാജി വെച്ചാല്‍ സ്വതന്ത്രമായി ജനങ്ങളെ സേവിക്കാന്‍ സാധിക്കുമെന്നും നാടകീയമായുള്ള രാജി പ്രഖ്യാപനത്തിനിടെ ദിനേശ് ത്രിവേദി പറഞ്ഞു. തന്നെ രാജ്യസഭയിലേക്കയച്ച പാര്‍ട്ടിയോടുള്ള നന്ദിയും ദിനേശ് ത്രിവേദി അറിയിച്ചു. മമതയുമായി കുറച്ചുനാളായി അകല്‍ച്ചയിലുള്ള ത്രിവേദി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. 

ദിനേശ് ത്രിവേദിയുടെ രാജി ബിജെപിയിലേക്കുള്ള കൂടുമാറ്റമാണെന്നാണ് പരക്കെയുള്ള വ്യാഖ്യാനം. ബിജെപി ത്രിവേദിയെ സ്വാഗതം ചെയ്യുന്നുവെന്നും തീര്‍ച്ചയായും സ്വീകരിക്കുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ പ്രസ്താവിച്ചു. ആത്മാര്‍ഥമായ സേവനമാണ് ത്രിവേദി ആഗ്രഹിക്കുന്നതെന്നും തൃണമുലില്‍ നിന്നുകൊണ്ട് അദ്ദേഹത്തിന് അത് സാധിക്കില്ലെന്നും കൈലാഷ് വിജയ് വര്‍ഗീയ പറഞ്ഞു. 

ബംഗാളിന് വേണ്ടി എന്തും ചെയ്യുന്നതില്‍ കുറ്റബോധമില്ലെന്ന് ബിജെപിയിലേക്കുള്ള പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തോട് ദിനേശ് ത്രിവേദി പ്രതികരിച്ചു. പാര്‍ട്ടിയുടെ നിയന്ത്രണം രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പോലുമറിയാത്ത കോര്‍പറേറ്റ് പ്രൊഫഷണലുകളുടെ കൈയിലായിരിക്കുമ്പോള്‍ മറ്റൊന്നും ചെയ്യാനാകില്ലെന്നും ത്രിവേദി പ്രസ്താവിച്ചിരുന്നു. 

 

Content Highlights: Mamata Banerjee gave 'traitor' Dinesh Trivedi everything, only nobel prize was left: TMC leader Madan Mitra